Monday, October 02, 2006

ത്രിമൂര്‍‌ത്തികള്‍ !!

ക്ലാസ്സിലെ ത്രിമൂര്‍ത്തികള്‍ ആയിരുന്നു അവര്‍. ഡാകിനി, മന്ദബുദ്ധി, പീക്കിരി കാര്‍ത്തു. എന്താണങ്ങനെ ഒരു പേരിനു കാരണമെന്നു ചോദിച്ചാല്‍ ആകാരവും, പ്രകൃതവും എന്നു മാത്രമെ പറയാനുള്ളൂ.

ഒന്നാമത്തെ ആള്‍, നേതാവ്, ഡാകിനി. രൂപം, അഞ്ചടി ആറിഞ്ചു പൊക്കം, ബാലരമയിലെ ഡാകിനിയെപോലെ തോളത്തൊരു ബാഗ്‌, നീണ്ട കഴുത്തിനു പകരം കഴുത്തിനു ചുറ്റും വലിയൊരു നാക്ക്. അങ്ങനെ ആരുടെ മുന്നിലും തോറ്റുകൊടുക്കില്ലാത്ത പ്രകൃതം.

രണ്ടാമത്തവള്‍, മന്ദബുദ്ധി. പൊക്കം ഡാകിനിയെപ്പോലെ തന്നെ, രൂപം കൊണ്ട്‌ മിസ്സ്‌ കോളേജ്‌ ആണ്‌. ദൈവം രണ്ടും കൂടി ഒന്നിച്ചു ഒരാള്‍ക്ക്‌ കൊടുക്കില്ല എന്നു പറയുന്നതു സത്യമാണെന്നു തോന്നും ഇവളെ കണ്ടാല്‍. എന്നാലും എല്ലാത്തിനും ഡാകിനിയുടെ ഒപ്പം തന്നെ കാണും.

മൂന്നാമത്തവള്‍, പീക്കിരി കാര്‍ത്തു. പേരില്‍ നിന്നു തന്നെ മനസ്സിലാക്കാം, ആള്‍ ഇവരുടെ തോളിനൊപ്പം പോലും ഇല്ല.ചുരുക്കി പറഞ്ഞാല്‍ നാവും തലയും പ്രവര്‍ത്തന യോഗ്യമല്ല. എന്നാലും ഇവരെങ്ങനെ കൂട്ടുകാരായി എന്നതു ബര്‍മുടാ ട്രയാംഗിള്‍ പോലെ ഇപ്പോഴും മനസ്സിലാവാത്ത കാര്യം.

ഫസ്റ്റ്‌ ഈയര്‍ ഡിഗ്രിക്കു ചേരുന്ന എല്ലാവരും തന്നെ പരീക്ഷയ്ക്കു ജയിച്ചില്ലെങ്കിലും മൂന്നാം വര്‍ഷം വരെ ചെല്ലും എന്നുള്ളതു കൊണ്ടു മാത്രം മൂന്നു പേരും 'ഫൈനല്‍ ഈയര്‍ സ്റ്റുഡന്റ്സ്‌' ആയി. ഇനി ഇത്തിരി വെയിറ്റൊക്കെ ഇട്ടു വേണം നടക്കാന്‍ എന്നൊക്കെ തോന്നിത്തുടങ്ങി. അങ്ങനെ ഒരു ദിവസം രണ്ടു മണിക്കൂര്‍ അദ്ധ്യാപകരെ ഒരു പാഠം പഠിപ്പിച്ച ക്ഷീണത്തിന്റെ ഇടയില്‍ കിട്ടിയ ഇടവേളയില്‍ ഇത്തിരി വെള്ളവും കുടിച്ചേക്കാം കൂട്ടത്തില്‍ പ്രിന്‍സിപ്പാള്‍ തന്റെ ജോലിയൊക്കെ നന്നായി ചെയ്യുന്നുണ്ടൊ എന്നൊരു അന്വേഷണവും ആവാം എന്നൊരു തീരുമാനത്തോടെ മൂന്നു പേരും ക്ലാസ്സിനു വെളിയില്‍ ഇറങ്ങി. പുറകില്‍ കോറസ്സ്‌ ഉയര്‍ന്നു.

ഡാകിനീ... ഡാകിനീ.. കുട്ടൂസു ചേട്ടന്റെ കൂട്ടുകാരീ..ബാഗും കൊണ്ടു കറങ്ങി നടക്കുന്ന ചട്ടമ്പി പെണ്ണാണു നീ.. തനി ചട്ടമ്പി പെണ്ണാണു നീ.. ( പെരിയാറേ എന്ന ഈണത്തില്‍)

നീ പോ മോനേ ദിനേശാ, നിങ്ങള്‍ വെറും കുട്ടികളാണ്‌ നിങ്ങള്‍ക്കൊന്നും അറിയില്ല എന്നൊക്കെയുള്ള വാചകങ്ങള്‍ മനസ്സില്‍ വന്നെങ്കിലും ആ സമയത്തു മോഹന്‍ലാല്‍ പോലും അതുപയോഗിച്ചിരുന്നില്ലാത്തതുകൊണ്ടും അദ്ദേഹത്തിന്റെ ആരാധകരുടെ അപ്രീതി സമ്പാദിക്കേണ്ട എന്നു കരുതിയിട്ടും മൂവരും ഒന്നും പറയാതെ ഒന്നു ചിരിക്കുക മാത്രം ചെയ്തു.

തിരിച്ചു വരുന്ന വഴിക്കാണ്‌ അവരാ കാഴ്ച കണ്ടത്. രണ്ടു ദിവസം കഴിഞ്ഞു മാത്രം ക്ലാസ്സ്‌ തുടങ്ങേണ്ടുന്ന ഫസ്റ്റ്‌ ഈയര്‍ ക്ലാസ്സിനു മുന്നില്‍ നല്ലൊരാള്‍ക്കൂട്ടം. തലയിരിക്കുമ്പോള്‍ വാലാടുന്നോ എന്ന സന്ദേഹത്തോടെ അവിടേയ്ക്കു ചെന്ന അവര്‍ കണ്ടതു സോഡാക്കുപ്പിയിലെ വട്ടു പോലെ സെക്കന്റ്‌ ഈയറിലെ ചില കുട്ടികള്‍ അവിടെ നില്‍ക്കുന്നു.

ഗൌരവം ഒട്ടും വിടരുതല്ലൊ, ഡാകിനി തന്നെ ദൌത്യം ഏറ്റെടുത്തു.

"എന്താ ഇവിടെ? ഇപ്പോഴേ ഇവിടെ പോസ്റ്റാവാന്‍ തുടങ്ങിയോ? രണ്ടു ദിവസം കഴിഞ്ഞല്ലെ ക്ലാസ്സ്‌ തുടങ്ങൂ?? "

കുറെ നാളായി ഇവരെ സഹിക്കുന്നു എന്നാല്‍ പിന്നെ ഒന്നു മറുപടിച്ചേക്കാം എന്നു കരുതി, കൂട്ടത്തില്‍ ഡാകിനിയോടു കിട പിടിക്കാന്‍ തയ്യാറായ ഒരാള്‍ അതിനു മറുപടിയും കൊടുത്തു.

" നിങ്ങള്‍ ഒക്കെ എന്തിനു സീനിയേഴ്സാണെന്നു പറഞ്ഞു നടക്കുന്നു? നോക്കിക്കോ ഞങ്ങള്‍ എങ്ങനെയാണ്‌ ജൂനിയേഴ്സിനെ വരവേല്‍ക്കുന്നതെന്ന്. ഞങ്ങള്‍ വന്നപ്പോള്‍ ഒരീച്ച പോലും ഉണ്ടായിരുന്നില്ലല്ലൊ ഒന്നു സ്വാഗതം പറയാന്‍...."

ഇതിനെയാണോ വടി കൊടുത്തടി മേടിക്കുക എന്നു പറയുന്നതെന്നു ജീവിതത്തില്‍ ആദ്യമായി അവര്‍ക്ക്‌ സന്ദേഹം ആയി. ശരിയാണ്‌, ക്ലാസ്സ്‌ മുറി മുഴുവന്‍ നന്നായി അലങ്കരിച്ചിട്ടുണ്ട്‌. ശ്ശേ.. മോശമായി, ഇനി എങ്ങനെ‍ നാളെ കണ്ണാടിയില്‍ നോക്കും. അത്രക്കു നാണക്കേടായി. ഡാകിനിയ്ക്കു ഒട്ടും സമാധാനം കിട്ടിയില്ല.

ബോര്‍ഡിലായി വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്ന വെല്‍ക്കം ചിരിച്ചു കാണിക്കുന്നതു പോലെ തോന്നിയാല്‍ അതിനെ കുറ്റം പറയാന്‍ പറ്റില്ല. അത്ര നന്നായി ചെയ്തിരിക്കുന്നു എല്ലാം.ഇനി ഒരു വഴിയേ ഉള്ളൂ.. ഒന്നുകില്‍ തോല്‍‌വി സമ്മതിക്കുക, അല്ലെങ്കില്‍... യുറേക്കാ...

" ഇതെന്താ ഇത്ര നാളായിട്ടും വെല്‍ക്കം എന്നൊരു വാക്കു പോലും ഇംഗ്ലീഷില്‍ എഴുതാന്‍ അറിയില്ലേ നിങ്ങള്‍ക്ക്? എങ്ങനെ ഇവിടെ വരെ എത്തിയോ ആവോ? "

കൂട്ടത്തില്‍ വെല്‍ക്കം എഴുതിയ ആള്‍ മുന്നോട്ടു വന്നു. "W E L C O M E ഇതില്‍ എന്താ ചേച്ചി പ്രശ്നം? സ്പെല്ലിംഗ്‌ ഒക്കെ ശരിയല്ലേ?".

"ഇതിപ്പോള്‍ വായിക്കുന്നതു വെല്‍ക്കോമി എന്നല്ലേ? വെല്‍ക്കം എന്നുള്ളതിനു അവസാനത്തെ "E" വേണ്ട."

ഒന്നുകൂടി സൂക്ഷിച്ചു നോക്കി, സംഗതി സത്യം തന്നെ എന്നു കൂടുതല്‍ കൂടുതല്‍ നോക്കും തോറും എല്ലാവര്‍ക്കും തോന്നിത്തുടങ്ങി.ശരിയാണ് അവസാനത്തെ E അനാവശ്യക്കാരന്‍ തന്നെ.


വലിയൊരു നാണക്കേടില്‍ നിന്നു രക്ഷപ്പെട്ട സന്തോഷത്തില്‍ അവര്‍ വേഗം ബോര്‍ഡില്‍ W E L C O M എന്ന്‌ കുറച്ചു കൂടി ബോള്‍ഡ്‌ ആയി എഴുതാന്‍‌ തുടങ്ങി. ഇന്നത്തെ ഊഴം കഴിഞ്ഞു കിട്ടിയ സന്തോഷത്തില്‍ ചുണ്ടിലൊരു കള്ളച്ചിരിയുമായി ത്രിമൂര്‍ത്തികള്‍ സ്വന്തം ക്ലാസ്സിലേക്കും...