Friday, June 29, 2007

ചില നേരങ്ങളില്‍..

എന്നാണു ഞാനവരെ ആദ്യമായി ശ്രദ്ധിച്ചത്‌? നിങ്ങള്‍ മലയാളികളെന്തിനു തമിഴന്മാര്‍ക്കു വെള്ളം കൊടുക്കുന്നില്ല എന്നു ചോദിച്ച ദിവസമോ? അല്ലല്ല, കൈവീശി തലയും ഉയര്‍ത്തിപിടിച്ചു ആരേയോ തല്ലാനെന്ന പോലെയുള്ള നടത്തം കൊണ്ട്‌ പലപ്പോഴും ഞാനവരെ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു. പക്ഷേ മിണ്ടുന്നത്‌ ആ ഒരു ചോദ്യത്തോടെ ആയിരുന്നു എന്നു മാത്രം. ഞാനൊരു മലയാളിയാണെന്നു അവരു മനസ്സിലാക്കിയതു സ്കൂളില്‍ ബെല്ലടിക്കുന്നതുവരെയുള്ള കാത്തുനില്‍പ്പില്‍ മകളോടുള്ള കലപില സംസാരത്തില്‍ നിന്നാവണം. തമിഴരോടു എനിക്കങ്ങനെ യാതോരു വിധത്തിലുള്ള ദേഷ്യവും ഇല്ല എന്നു മനസ്സിലാക്കിയപ്പോള്‍ പിന്നെ അവരെന്നോടു ചങ്ങാത്തത്തിലുമായി. അവരുടെ കണ്ണുകളില്‍ കണ്ടിരുന്ന അഗ്നി സ്വന്തം വീടു ബോംബിട്ടു നശിപ്പിച്ചതില്‍ നിന്നു പടര്‍ന്നതാണെന്നു മനസ്സിലായതും അപ്പോഴാണ്‌.

കഴിഞ്ഞ മാര്‍ച്ചില്‍ ആണെന്നു തോന്നുന്നു അവരെന്നെ വീട്ടിലേക്കു ക്ഷണിച്ചത്‌. അവര്‍ അവര്‍ എന്നു വേണ്ട ഇനി. ശശികല എന്നൊരു പേരുണ്ടല്ലൊ. അന്നു പൊങ്കാല ആയിരുന്നു. കാര്യമായിട്ടൊന്നുമുണ്ടായിട്ടല്ല, എന്താണീ പൊങ്കാല എന്നൊക്കെ അറിയാമല്ലൊ. ഒന്നു റോഡു മുറിച്ചു കടന്നാല്‍ അവരുടേ അപ്പാര്‍ട്ട്മെന്റാണ്‌. കലയുടെ മൂത്തമകന്‍ മകളുടെ സഹപാഠിയുമാണ്‌.
നല്ല മഞ്ഞുള്ള ദിവസമായിട്ടും ഇരുട്ടു വീണിട്ടും ഞാന്‍ പോവാന്‍ തന്നെ തീരുമാനിച്ചു.

വിഭവങ്ങള്‍ക്കൊന്നിനും പുതുമ ഇല്ലായിരുന്നു. നമ്മുടെ ശര്‍ക്കരപായസം പോലെ പൊങ്കാല പായസം, ഉഴുന്നുവട, അങ്ങനെ ഓരോ വിഭവങ്ങള്‍. പക്ഷേ പുതുമ തോന്നിയതു വേറൊന്നിലാണ്‌.

അവരുടെ ആഹാര രീതികളെല്ലാം കേരളീയരുടേതിനോടു വളരെ സാമ്യം ഉണ്ടെങ്കിലും വിശേഷദിവസങ്ങളും ആചാരങ്ങളും വ്യത്യസ്ഥമാണെന്നതു എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. അവരുടെ വിശ്വാസത്തില്‍ രാവണനാണു ഹീറൊ. രാവണനൊരു കടുത്ത ശിവഭക്തനാണെന്നു എനിക്കറിയാമായിരുന്നു. ശ്രീലങ്കന്‍സ്‌ കൃഷ്ണനേയോ രാമനേയോ ആരാധിക്കില്ല എന്നതും പുതിയ അറിവല്ലായിരുന്നു. പക്ഷേ രാവണനെ ന്യായീകരിക്കുമെന്നു ഞാന്‍ അപ്പോഴാണ്‌ മനസ്സിലാക്കിയത്‌. വേറിട്ടു ചിന്തിക്കാന്‍ ഇവരെന്താ എം.ടിയാണൊ എന്നു വരെ ഞാന്‍ അവര്‍ക്കൂ എം.ടിയെ അറിയാമായിരുന്നെങ്കില്‍ ചോദിച്ചേനെ. രാവണഭക്തി അത്ര അവിശ്വസനീയമായിരുന്നു. നാണയത്തിന്റെ മറുവശം കേള്‍ക്കാന്‍ എനിക്കു വളരെ താത്പര്യം തോന്നി. അപ്പോഴാണു ഇത്രയും വിവരങ്ങള്‍ മനസ്സിലായത്‌. കേട്ടപ്പോള്‍ വളരെ ശരിയായും തോന്നി.
പത്തു തല എന്നതേ ഒരു സങ്കല്‍പ്പം ആണ്‌. അതുകൊണ്ടു ഉദ്ദേശിച്ചതു പത്തുപേരുടേ ബുദ്ധിയും, പത്തുപേരുടെ കൈക്കരുത്തും.അപ്പോള്‍ സീതയെ എന്തിനു തട്ടിക്കൊണ്ടു പോയി എന്ന ന്യായമായ
ഒരു സംശയം എനിക്കു വന്നു. (എനിക്കങ്ങനെ സംശയങ്ങളൊന്നും പണ്ടേ പതിവില്ലാത്തതാണ്‌)
സീത സത്യത്തില്‍ രാവണന്റെ തന്നെ മകളാണ്‌, പതിനാലു വര്‍ഷത്തെ
കാനന വാസം തന്റെ മകളെ ദുരിതത്തില്‍ ആക്കിയേക്കാം എന്ന പിതൃസഹജമായ ബലഹീനത, അതാകും സീതാദേവിയെ കടത്തികൊണ്ടുപോവാന്‍ കാരണം. അപ്പോള്‍ പിന്നെ കേട്ടിരിക്കുന്ന വിവാഹാഭ്യര്‍ത്ഥനയോ?
എന്നൊരു ചോദ്യം സ്വാഭാവികമായും ഞാന്‍ ചോദിക്കണമല്ലൊ. അതിനു കിട്ടിയ മറുപടിയും എന്നെ ചിന്തിപ്പിച്ചു.
രാമായണം എഴുതിയ വാത്മീകി ഉത്തരേന്ത്യക്കാരനാണു, അതായതു ആര്യന്‍. ദ്രാവിഡനായ രാവണനെ ഒരു മോശക്കാരനാക്കി ചിത്രീകരിക്കാനായി മനഃപൂര്‍വ്വം കൂട്ടിച്ചേര്‍ത്ത ഒരു കഥമാത്രമാണു ആ വിവാഹ അഭ്യര്‍ഥന. അതിനവര്‍ പറയുന്ന ഉറപ്പ്‌ ശ്രീലങ്കയില്‍ പൊതുവേ സ്ത്രീകളോടു നല്ല ബഹുമാനമാണെല്ലാവര്‍ക്കുമെന്ന്‌.
വിശ്വാസമാണു ഭക്തി അല്ലേ? എന്തോ!