Wednesday, December 20, 2006

സന്മനസ്സുള്ളവര്‍ക്കു സമാധാനം!!!

“ശ്യാമ സുന്ദര പുഷ്പമേ എന്റെ പ്രേമ സംഗീതമാണു നീ...”

കോളേജുഡേയുടെ അന്നു സ്റ്റേജില്‍ പാടുന്ന ഗായകന്റെ കണ്ണുകള്‍ വന്നു നില്‍ക്കുന്നതു മനസ്സിലായെങ്കിലും കണ്ടില്ലെന്നു നടിച്ചു, തന്റെ സമാധാനത്തിനു വേണ്ടി!

ക്ലാസ്സെല്ലാം കഴിഞ്ഞു പിരിയാന്‍ നേരം ഓട്ടോഗ്രാഫ്‌ നീട്ടിയപ്പോള്‍ അതിലേതോ താളില്‍ എഴുതി തന്നു.
" ഈ വെണ്‍പുറങ്ങളില്‍ ഞാന്‍ എന്റെ ജന്മദിനം കുറിക്കുന്നു, നിനക്കോര്‍മ്മിക്കാന്‍. ഈ ഓര്‍മ്മ നിനക്കത്ര സുഖമുള്ളതല്ലെന്നെനിക്കറിയാം, എങ്കിലും എന്റെ സമാധാനത്തിനു വേണ്ടി..."

വര്‍ഷങ്ങള്‍ക്കു ശേഷം ഏതോ ദൂരയാത്രക്കായി ഭര്‍ത്താവുമൊത്തു ബസ്‌ സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ വന്നു നിന്ന ബസ്സില്‍ കണ്ടക്ടറുടെ സ്ഥാനത്ത്‌ വീണ്ടുമൊരു കണ്ടുമുട്ടല്‍... മുഖം വിളറുന്നത്‌ കണ്ടെങ്കിലും കണ്ടില്ലെന്നു നടിക്കേണ്ടി വന്നു. രണ്ടു പേരുടേയും സമാധാനത്തിന്‌ !

Monday, October 02, 2006

ത്രിമൂര്‍‌ത്തികള്‍ !!

ക്ലാസ്സിലെ ത്രിമൂര്‍ത്തികള്‍ ആയിരുന്നു അവര്‍. ഡാകിനി, മന്ദബുദ്ധി, പീക്കിരി കാര്‍ത്തു. എന്താണങ്ങനെ ഒരു പേരിനു കാരണമെന്നു ചോദിച്ചാല്‍ ആകാരവും, പ്രകൃതവും എന്നു മാത്രമെ പറയാനുള്ളൂ.

ഒന്നാമത്തെ ആള്‍, നേതാവ്, ഡാകിനി. രൂപം, അഞ്ചടി ആറിഞ്ചു പൊക്കം, ബാലരമയിലെ ഡാകിനിയെപോലെ തോളത്തൊരു ബാഗ്‌, നീണ്ട കഴുത്തിനു പകരം കഴുത്തിനു ചുറ്റും വലിയൊരു നാക്ക്. അങ്ങനെ ആരുടെ മുന്നിലും തോറ്റുകൊടുക്കില്ലാത്ത പ്രകൃതം.

രണ്ടാമത്തവള്‍, മന്ദബുദ്ധി. പൊക്കം ഡാകിനിയെപ്പോലെ തന്നെ, രൂപം കൊണ്ട്‌ മിസ്സ്‌ കോളേജ്‌ ആണ്‌. ദൈവം രണ്ടും കൂടി ഒന്നിച്ചു ഒരാള്‍ക്ക്‌ കൊടുക്കില്ല എന്നു പറയുന്നതു സത്യമാണെന്നു തോന്നും ഇവളെ കണ്ടാല്‍. എന്നാലും എല്ലാത്തിനും ഡാകിനിയുടെ ഒപ്പം തന്നെ കാണും.

മൂന്നാമത്തവള്‍, പീക്കിരി കാര്‍ത്തു. പേരില്‍ നിന്നു തന്നെ മനസ്സിലാക്കാം, ആള്‍ ഇവരുടെ തോളിനൊപ്പം പോലും ഇല്ല.ചുരുക്കി പറഞ്ഞാല്‍ നാവും തലയും പ്രവര്‍ത്തന യോഗ്യമല്ല. എന്നാലും ഇവരെങ്ങനെ കൂട്ടുകാരായി എന്നതു ബര്‍മുടാ ട്രയാംഗിള്‍ പോലെ ഇപ്പോഴും മനസ്സിലാവാത്ത കാര്യം.

ഫസ്റ്റ്‌ ഈയര്‍ ഡിഗ്രിക്കു ചേരുന്ന എല്ലാവരും തന്നെ പരീക്ഷയ്ക്കു ജയിച്ചില്ലെങ്കിലും മൂന്നാം വര്‍ഷം വരെ ചെല്ലും എന്നുള്ളതു കൊണ്ടു മാത്രം മൂന്നു പേരും 'ഫൈനല്‍ ഈയര്‍ സ്റ്റുഡന്റ്സ്‌' ആയി. ഇനി ഇത്തിരി വെയിറ്റൊക്കെ ഇട്ടു വേണം നടക്കാന്‍ എന്നൊക്കെ തോന്നിത്തുടങ്ങി. അങ്ങനെ ഒരു ദിവസം രണ്ടു മണിക്കൂര്‍ അദ്ധ്യാപകരെ ഒരു പാഠം പഠിപ്പിച്ച ക്ഷീണത്തിന്റെ ഇടയില്‍ കിട്ടിയ ഇടവേളയില്‍ ഇത്തിരി വെള്ളവും കുടിച്ചേക്കാം കൂട്ടത്തില്‍ പ്രിന്‍സിപ്പാള്‍ തന്റെ ജോലിയൊക്കെ നന്നായി ചെയ്യുന്നുണ്ടൊ എന്നൊരു അന്വേഷണവും ആവാം എന്നൊരു തീരുമാനത്തോടെ മൂന്നു പേരും ക്ലാസ്സിനു വെളിയില്‍ ഇറങ്ങി. പുറകില്‍ കോറസ്സ്‌ ഉയര്‍ന്നു.

ഡാകിനീ... ഡാകിനീ.. കുട്ടൂസു ചേട്ടന്റെ കൂട്ടുകാരീ..ബാഗും കൊണ്ടു കറങ്ങി നടക്കുന്ന ചട്ടമ്പി പെണ്ണാണു നീ.. തനി ചട്ടമ്പി പെണ്ണാണു നീ.. ( പെരിയാറേ എന്ന ഈണത്തില്‍)

നീ പോ മോനേ ദിനേശാ, നിങ്ങള്‍ വെറും കുട്ടികളാണ്‌ നിങ്ങള്‍ക്കൊന്നും അറിയില്ല എന്നൊക്കെയുള്ള വാചകങ്ങള്‍ മനസ്സില്‍ വന്നെങ്കിലും ആ സമയത്തു മോഹന്‍ലാല്‍ പോലും അതുപയോഗിച്ചിരുന്നില്ലാത്തതുകൊണ്ടും അദ്ദേഹത്തിന്റെ ആരാധകരുടെ അപ്രീതി സമ്പാദിക്കേണ്ട എന്നു കരുതിയിട്ടും മൂവരും ഒന്നും പറയാതെ ഒന്നു ചിരിക്കുക മാത്രം ചെയ്തു.

തിരിച്ചു വരുന്ന വഴിക്കാണ്‌ അവരാ കാഴ്ച കണ്ടത്. രണ്ടു ദിവസം കഴിഞ്ഞു മാത്രം ക്ലാസ്സ്‌ തുടങ്ങേണ്ടുന്ന ഫസ്റ്റ്‌ ഈയര്‍ ക്ലാസ്സിനു മുന്നില്‍ നല്ലൊരാള്‍ക്കൂട്ടം. തലയിരിക്കുമ്പോള്‍ വാലാടുന്നോ എന്ന സന്ദേഹത്തോടെ അവിടേയ്ക്കു ചെന്ന അവര്‍ കണ്ടതു സോഡാക്കുപ്പിയിലെ വട്ടു പോലെ സെക്കന്റ്‌ ഈയറിലെ ചില കുട്ടികള്‍ അവിടെ നില്‍ക്കുന്നു.

ഗൌരവം ഒട്ടും വിടരുതല്ലൊ, ഡാകിനി തന്നെ ദൌത്യം ഏറ്റെടുത്തു.

"എന്താ ഇവിടെ? ഇപ്പോഴേ ഇവിടെ പോസ്റ്റാവാന്‍ തുടങ്ങിയോ? രണ്ടു ദിവസം കഴിഞ്ഞല്ലെ ക്ലാസ്സ്‌ തുടങ്ങൂ?? "

കുറെ നാളായി ഇവരെ സഹിക്കുന്നു എന്നാല്‍ പിന്നെ ഒന്നു മറുപടിച്ചേക്കാം എന്നു കരുതി, കൂട്ടത്തില്‍ ഡാകിനിയോടു കിട പിടിക്കാന്‍ തയ്യാറായ ഒരാള്‍ അതിനു മറുപടിയും കൊടുത്തു.

" നിങ്ങള്‍ ഒക്കെ എന്തിനു സീനിയേഴ്സാണെന്നു പറഞ്ഞു നടക്കുന്നു? നോക്കിക്കോ ഞങ്ങള്‍ എങ്ങനെയാണ്‌ ജൂനിയേഴ്സിനെ വരവേല്‍ക്കുന്നതെന്ന്. ഞങ്ങള്‍ വന്നപ്പോള്‍ ഒരീച്ച പോലും ഉണ്ടായിരുന്നില്ലല്ലൊ ഒന്നു സ്വാഗതം പറയാന്‍...."

ഇതിനെയാണോ വടി കൊടുത്തടി മേടിക്കുക എന്നു പറയുന്നതെന്നു ജീവിതത്തില്‍ ആദ്യമായി അവര്‍ക്ക്‌ സന്ദേഹം ആയി. ശരിയാണ്‌, ക്ലാസ്സ്‌ മുറി മുഴുവന്‍ നന്നായി അലങ്കരിച്ചിട്ടുണ്ട്‌. ശ്ശേ.. മോശമായി, ഇനി എങ്ങനെ‍ നാളെ കണ്ണാടിയില്‍ നോക്കും. അത്രക്കു നാണക്കേടായി. ഡാകിനിയ്ക്കു ഒട്ടും സമാധാനം കിട്ടിയില്ല.

ബോര്‍ഡിലായി വലിയ അക്ഷരത്തില്‍ എഴുതിയിരിക്കുന്ന വെല്‍ക്കം ചിരിച്ചു കാണിക്കുന്നതു പോലെ തോന്നിയാല്‍ അതിനെ കുറ്റം പറയാന്‍ പറ്റില്ല. അത്ര നന്നായി ചെയ്തിരിക്കുന്നു എല്ലാം.ഇനി ഒരു വഴിയേ ഉള്ളൂ.. ഒന്നുകില്‍ തോല്‍‌വി സമ്മതിക്കുക, അല്ലെങ്കില്‍... യുറേക്കാ...

" ഇതെന്താ ഇത്ര നാളായിട്ടും വെല്‍ക്കം എന്നൊരു വാക്കു പോലും ഇംഗ്ലീഷില്‍ എഴുതാന്‍ അറിയില്ലേ നിങ്ങള്‍ക്ക്? എങ്ങനെ ഇവിടെ വരെ എത്തിയോ ആവോ? "

കൂട്ടത്തില്‍ വെല്‍ക്കം എഴുതിയ ആള്‍ മുന്നോട്ടു വന്നു. "W E L C O M E ഇതില്‍ എന്താ ചേച്ചി പ്രശ്നം? സ്പെല്ലിംഗ്‌ ഒക്കെ ശരിയല്ലേ?".

"ഇതിപ്പോള്‍ വായിക്കുന്നതു വെല്‍ക്കോമി എന്നല്ലേ? വെല്‍ക്കം എന്നുള്ളതിനു അവസാനത്തെ "E" വേണ്ട."

ഒന്നുകൂടി സൂക്ഷിച്ചു നോക്കി, സംഗതി സത്യം തന്നെ എന്നു കൂടുതല്‍ കൂടുതല്‍ നോക്കും തോറും എല്ലാവര്‍ക്കും തോന്നിത്തുടങ്ങി.ശരിയാണ് അവസാനത്തെ E അനാവശ്യക്കാരന്‍ തന്നെ.


വലിയൊരു നാണക്കേടില്‍ നിന്നു രക്ഷപ്പെട്ട സന്തോഷത്തില്‍ അവര്‍ വേഗം ബോര്‍ഡില്‍ W E L C O M എന്ന്‌ കുറച്ചു കൂടി ബോള്‍ഡ്‌ ആയി എഴുതാന്‍‌ തുടങ്ങി. ഇന്നത്തെ ഊഴം കഴിഞ്ഞു കിട്ടിയ സന്തോഷത്തില്‍ ചുണ്ടിലൊരു കള്ളച്ചിരിയുമായി ത്രിമൂര്‍ത്തികള്‍ സ്വന്തം ക്ലാസ്സിലേക്കും...

Tuesday, September 05, 2006

ഓണാശംസകള്‍ !!

അങ്ങനെ ഒരോണം കൂടി കടന്നു പോവുന്നു. ഇവിടെ ഓണം മലയാളി അസ്സോസിയേഷനുകള്‍ക്കുള്ളതാണ്‌. എല്ലാ ഭാഗത്തുമുള്ള അസ്സോസിയേഷനുകളും മത്സരിച്ചു ആഘോഷിക്കുന്നു. എല്ലായിടത്തും മാവേലി എത്തുന്നു. ഓണം എന്തെന്നോ അതിന്റെ പ്രാധാന്യം എന്തെന്നോ മനസ്സിലാക്കാതെ ആണെങ്കിലും ചെറിയ കുട്ടികള്‍ പോലും തങ്ങളാല്‍ കഴിയും വിധം ഓരോ പരിപാടികളില്‍ പങ്കെടുക്കുന്നു. സ്ത്രീകള്‍ക്കു കേരള സാരി ഉടുത്തു ഒരുങ്ങാനുള്ള അവസരവും, കുട്ടികള്‍ക്ക്‌ അന്നു വരെ പഠിച്ചെടുത്ത പരിപാടികള്‍ സ്റ്റേജില്‍ കയറി അവതരിപ്പിക്കാനൊരു അവസരവുമൊക്കെയാണ്‌ ഓണം. അതെന്തു തന്നെയായാലും എല്ലാവരും ആത്മാര്‍ത്ഥമായും സന്തോഷിക്കുന്നു. മനസ്സിന്റെ സന്തോഷം കൂടിയാണല്ലൊ ഓണം. ഇപ്രാവശ്യവും അങ്ങനെ ഓണം ആഘോഷിച്ചു.

എന്റെ എല്ലാ ബൂലോഗ സുഹൃത്തുക്കള്‍ക്കും ഓണാശംസകള്‍ !!

Monday, August 21, 2006

മിനി മസാലക്കഥ.

ഒരു വൈകുന്നേരം.

“എടീ... ഞാനിന്നു തന്നതു നീ പോസ്റ്റു ചെയ്തോ?”

‘ഓ.. ഇല്ല.. ഇത്തിരികൂടി ടൈപ്പു ചെയ്യാനുണ്ട്‌, കുറച്ചക്ഷരത്തെറ്റുകള്‍ വന്നു.”

“അതെന്തിന്‌ ടൈപ്പു ചെയ്യണം? കവറിലിട്ടു തന്നതു പോസ്റ്റോഫീസിലു പോയി പോസ്റ്റു ചെയ്യാന്‍?”

“ഓ.. ഞാന്‍ കരുതി... ബ്ലോഗ്‌ പോസ്റ്റാണെന്ന്‌.. സോറിട്ടോ...”

നിനക്കല്ലെങ്കിലും ഈയിടെയായി എല്ലാം ബ്ലോഗു മയം തന്നെ... എന്തെങ്കിലും പറയാന്‍ പേടിയാണ്. ഉടനെ പോസ്റ്റാക്കി നാട്ടുകാരെ മുഴുവന്‍ അറിയിക്കും... ദേഷ്യപ്പെട്ടുനോക്കിയാല്‍ പോലും അതില്‍നിന്നെങ്ങനെ ഒരു പോസ്റ്റുണ്ടാക്കാം എന്നാണല്ലൊ ചിന്ത മുഴുവനും. ഇതെവിടെ ചെന്നുനില്‍‌ക്കുമോ ആവോ? .. ... ... ...

പിന്നെ കുറേ നേരം ചുണ്ടനങ്ങുന്നതുമാത്രം കണ്ടു. പറഞ്ഞതെല്ലാം ഒരു ചെവിയില്‍ കൂടി കയറി സ്പീഡ്‌പോസ്റ്റ്‌ പോലെ മറ്റെ ചെവിയില്‍ കൂടി പോയ്ക്കൊണ്ടേയിരുന്നു. ഇളക്കിക്കൊണ്ടിരുന്ന സവാളയും ഇഞ്ചിയും പച്ചമുളകും മൂത്തു. മസാലപായ്ക്കെറ്റെടുത്തു. അപ്പോഴാണോര്‍ത്തതു, ‘കൃഷ്ണനെ ശിവനാക്കിയിരിക്കുന്നു’. ഇന്നിനി മസാല ഇട്ടിട്ടും വല്ല്യ കാര്യമൊന്നും ഇല്ല. എങ്ങനെ ഉണ്ടാക്കിയാലും രുചിയുണ്ടാവില്ല.
വെറുതെ എന്തിന്‌ അതു വെയിസ്റ്റാക്കണം. തിരിച്ചു വച്ചു.

Wednesday, July 26, 2006

കുപ്പിവളപ്പൊട്ടുകള്‍ !!

നാട്ടിലേയ്ക്കു തിരിക്കുന്നതിനു മുന്‍പു തന്നെ മകളെ ഞാനെന്റെ കുട്ടിക്കാലത്തെ പറ്റി പറഞ്ഞു കൊതിപ്പിച്ചു, കൂട്ടത്തില്‍ അവള്‍ക്കവിടെ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളും..

കാപ്പിപ്പൂമണമുള്ള തൊടിയും...അടുത്തടുത്തു നില്‍ക്കുന്ന തേക്കുമരങ്ങള്‍ കൂട്ടിയോജിപ്പിച്ച്‌ കുട്ടിപ്പുരയുണ്ടാക്കുന്നതും... അമ്മയുടെ സാരി പകുതി മടക്കിയുടുത്ത്‌ 'അമ്മയായി' കഞ്ഞിയും കറിയും വച്ചു കളിക്കുന്നതും... മച്ചിന്‍ പുറത്തു നിന്നു കിട്ടിയ ഗരുഢ പ്രതിമയെ ദൈവമാക്കി വീടിനു ചുറ്റും പ്രദിക്ഷണം വച്ചു ഉത്സവം കളിക്കുന്നതും...സര്‍പ്പക്കാവിലെ അരളി മരത്തില്‍നിന്നുതിര്‍ന്നു വീഴുന്ന പൂവുകളെ ഇതള്‍ മടക്കി കമ്മലുണ്ടാക്കുന്നതും, തേക്കിന്‍പൂവു കോര്‍ത്ത്‌ മാലയുണ്ടാക്കികെട്ടി ശകുന്തളയാവുന്നതും... കിണര്‍വക്കത്തെ മയിലാഞ്ചിയില്‍ നിന്ന്‌ തളിരില പറിച്ചു പ്ലാവിലയുടെ ഞെട്ടും ചേര്‍ത്തരച്ചു കൈയില്‍ കുത്തുകളിടുന്നതും..മുറ്റത്തു കളം വരച്ചു പാണ്ടി കളിക്കുന്നതും...ഒരു മഴ പെയ്താല്‍ കലങ്ങുന്ന കുളത്തില്‍ പിന്നേയും കലങ്ങുന്നതു വരെ ചാടി തിമിര്‍ക്കുന്നതും... അതിനിടയില്‍ ശേഖരിക്കുന്ന വളപ്പൊട്ടുകളും പൊട്ടിയ മുത്തുമാലകളുടെ പഞ്ചാര മുത്തുകളും നിധിയായി സൂക്ഷിച്ചിരുന്നതും.....അങ്ങനെ അങ്ങനെ ഒരുപാടു കാര്യങ്ങള്‍...

അവള്‍ക്കവിടെ ചെന്നപ്പോഴേ കാണേണ്ടിയിരുന്നതു അമ്മയുടെ 'ട്രഷര്‍ ബോക്സ്‌' ആയിരുന്നു. മേശവലിപ്പില്‍ നിന്നെപ്പോഴേ അതിന്റെ സ്ഥാനം മച്ചിന്മുകളിലേയ്ക്കു മാറിയിരുന്നു. ഒരു ട്രഷര്‍ ഹണ്ടിങ്ങിന്റെ ഉത്സാഹത്തോടെ ചാരിവച്ച ഏണിയിലൂടെ,തുറന്നിട്ട മച്ചിന്റെ വാതിലിലൂടെ അവള്‍ തട്ടുമ്പുറത്തെത്തി. കൂട്ടത്തില്‍ അതേ ഉത്സാഹത്തോടെ ഞാനും.അവിടെ എന്റെ പൂര്‍വികര്‍ ആരോ ഉപയോഗിച്ചിരുന്ന ആ പഴയ മെതിയടിയും, മുത്തശ്ശന്‍ ഉണ്ടാക്കിയ നെല്ലുകൊണ്ടുടാക്കിയ പറയും, പിന്നെയാ ഗരുഢ പ്രതിമയും പൊടി പിടിച്ച്‌..

കൈയില്‍ കിട്ടിയ കുപ്പിവളക്കൂട്ടവുമായി വീണ്ടും ടിവിയുടെ മുന്നിലേയ്ക്കവള്‍ ഇരിയ്ക്കുമ്പോള്‍ ഞാന്‍ തിരയുകയായിരുന്നു അവിടെ എന്റെ കുട്ടിക്കാലം..

Wednesday, July 19, 2006

ദൈവത്തിന്റെ വികൃതി.

അടച്ചു കെട്ടിയ നാലു ചുമരുകള്‍ക്കുള്ളില്‍ നിന്നൊരു മോചനമാവട്ടെ എന്നു കരുതിയാണ്‌ വീടിനടുത്തുള്ള ,സ്കൂളിന്റെ തന്നെയായ പ്ലേ ഗ്രൌണ്ടില്‍ മോളെ കൊണ്ടു പോവുന്നത്‌. ഇത്തിരി വെയിലൊന്നാറാന്‍ നോക്കിയിരിക്കുകയാണ്‌ പരിസരത്തുള്ള കുട്ടികള്‍ മുഴുവനും. അധികമൊന്നുമില്ലെങ്കിലും അത്യാവശ്യം രണ്ടൂഞ്ഞാലുകളും കുറച്ചു സ്ലൈഡ്സുകളും മങ്കിബാറുകളും മറ്റുമുണ്ട്‌. പോരാത്തതിന്‌ അവളുടെ കൂട്ടുകാരികളും വരും അവിടെ.

അത്താഴത്തിനുള്ള പണിയെല്ലാം ഒരു വിധം തീര്‍ത്ത്‌ ഞങ്ങളവിടെ ചെന്നപ്പോഴെക്കും ഫര്‍ഹാനാസ്‌ എനിക്കായി ഇത്തിരി സ്ഥലം പിടിച്ചിട്ടിരുന്നു. ആകെയുള്ള ഒരു മരത്തിന്റെ തണലിനു വേണ്ടി ഇത്തിരി ഗ്രൂപ്പിസം കളിക്കണം.

ഫര്‍ഹാനാസ്‌, ഞങ്ങളുടെ കെട്ടിടത്തില്‍ തന്നെ താമസിക്കുന്ന ഒരു പാക്കിസ്ഥാനി സ്ത്രീയാണ്‌. നാല്‍പ്പത്തഞ്ചു വയസ്സോളം പ്രായം വരും. പ്രൈവറ്റായിട്ടു ഡേകെയര്‍ നടത്തുന്നുണ്ട്‌.എനിയ്ക്കു പലപ്പോഴും തോന്നിയിട്ടുണ്ട്‌ അവരതൊരു തൊഴില്‍ എന്നതിലുപരി സേവനമനോഭാവത്തോടെയാണു ചെയ്യുന്നതെന്ന്‌.

സ്വന്തം മൂന്നുകുട്ടികളെ കൂടാതെ ഭര്‍ത്താവിന്റെ അനിയന്റെ മകളെ, അമ്മ നഷ്ടപ്പെട്ടപ്പോള്‍ സ്വന്തം പോലെ വളര്‍ത്തുന്നുണ്ടവര്‍. ആ കുട്ടിക്കതറിയില്ല എന്നു തന്നെയാണെനിക്കു തോന്നുന്നതും. ഡേ കെയറില്‍ ഉള്ള കുട്ടികളേയും കൊണ്ടു പാര്‍ക്കില്‍ വന്നതാണവര്‍.

പതിവുപോലെ എട്ടുമാസം പ്രായമായ ഫൈസല്‍ അവരുടെ മടിയില്‍ തന്നെയുണ്ട്‌. എന്നെകണ്ടപ്പോള്‍ തന്നെ അവന്‍ പുതുതായി വന്ന നാലു പല്ലുകള്‍ കാണാന്‍ പാകത്തിനു ചിരിച്ചു കാണിച്ചു. 'ഒളിച്ചേ.. കണ്ടേ... 'കളിക്കാനാണ്‌. അവനറിയാം അവനെ ചിരിപ്പിക്കാന്‍ ഞാനതു ചെയ്യുമെന്നും.

ആദ്യമായി അവനെ കാണുമ്പോള്‍ ജോലിയ്ക്കു പോകുന്ന ഒരു അമ്മയുടെ കുട്ടി എന്നേ കരുതിയിരുന്നുള്ളൂ. ഫര്‍ഹാനാസ്‌ തന്നെയാണ്‌ അവനെപറ്റിയുള്ള എല്ലാ കാര്യങ്ങളും പറഞ്ഞതും.

പാക്കിസ്ഥാനില്‍ നിന്നു രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഇങ്ങോട്ടേയ്ക്കു കുടിയേറിയതാണവന്റെ മാതാപിതാക്കള്‍. അവനാകട്ടെ പത്തു വര്‍ഷങ്ങള്‍ക്കു ശേഷം അവര്‍ക്കു ജനിച്ചതും!. പതിവുപോലെ ഗര്‍ഭിണി ആയിരിക്കുമ്പോള്‍ നടത്തിയ ഒരു പരിശോധനയിലാണവര്‍ അതു മനസ്സിലാക്കിയത്‌ അവരുടെ കരളിനെ ആ ഭീകര രോഗം മുക്കാലും കാര്‍ന്നിരിക്കുന്നു എന്ന്‌. ജനിച്ചു മൂന്നാഴ്ച്ച ആയപ്പോള്‍ മുതല്‍ 'ഫൈസല്‍' ഫര്‍ഹാനാസിനോടൊപ്പമാണ്‌. ഉറങ്ങാന്‍ മാത്രം അമ്മയുടെ അടുത്തേക്കു കൊണ്ടുപോകുന്നു. ഇടയ്ക്കിടയ്ക്കു അസുഖം മൂര്‍ച്ഛിക്കുമ്പോള്‍ ഉറക്കവും അവിടെ തന്നെ. ഈയിടെ ആയി ശ്വാസം മുട്ടല്‍ ഇടയ്ക്കൊക്കെ ഉണ്ടാവുന്നുണ്ടത്രെ. :( ഏതു നിമിഷവും....

ഇതൊന്നും അറിയാതെ വീണ്ടും അവന്‍ ചിരിച്ചു കാണിയ്ക്കുന്നു.. വളരെ നിഷ്കളങ്കമായി... എല്ലാവരുടേയും ലാളനകളില്‍ സന്തോഷവാനായി...

Tuesday, July 04, 2006

അരുണോദയം !


അങ്ങനെ ആദ്യായിട്ടു ഞാനൊരു സൂര്യോദയം കണ്ടു. എന്റെ പോസെങ്ങനെ എന്നു ചോദിച്ചെന്നെ ചിരിച്ചു കാണിക്കുകയും ചെയ്തു. അപ്പോള്‍ ഞാന്‍ വെറുതെയങ്ങു കണ്ടില്ലാന്നു നടിച്ചു പോവുന്നതു ശരിയാണോ? അതുകൊണ്ട്‌.. .

ഇനിയിപ്പോള്‍ ആരും എന്നോടു സൂര്യോദയം കണ്ടിട്ടുണ്ടോയെന്നു ചോദിക്കില്ലല്ലൊ ;)

Monday, June 26, 2006

ഇരട്ടത്താപ്പു നയം !

രംഗം ഒന്ന്‌: അംബിക കുഞ്ഞമ്മയുടെ ഡൈനിംഗ്‌ ടേബിള്‍.
ഡിന്നര്‍ ടൈം.കൊച്ചച്ഛന്‍, കുഞ്ഞമ്മ, ഹരി, മണിക്കുട്ടി എന്നിവര്‍ ആഹാരം കഴിക്കുന്നു.

മണിക്കുട്ടി : "ഇതാരാ കുഞ്ഞമ്മേ ഈ ചിക്കന്‍ കറി ഉണ്ടാക്കിയത്‌? നല്ല ടേസ്റ്റ്‌. റെസിപ്പി വേണ്ടി വരും."

കുഞ്ഞമ്മ : "ഓ! ഇവിടെ ആരു വയ്ക്കാനാ മോളേ ഞാനല്ലാതെ. ഈ മനുഷ്യനാണേല്‍ ഒരു ചായ മാത്രം കഷ്ടിച്ചു വയ്ക്കാനറിയാം. എനിക്കെങ്ങാനും വല്ലതും പറ്റിയാല്‍ ഇങ്ങേരെങ്ങനെ ജീവിയ്ക്കും എന്നോര്‍ത്താണെന്റെ ആവലാതി. എന്തെങ്കിലും രണ്ടു കൂട്ടമെങ്കിലും വയ്ക്കാന്‍ പഠിച്ചിരുന്നെങ്കില്‍.. പറഞ്ഞു പറഞ്ഞു മടുത്തു."

കൊച്ചച്ഛന്‍ : "അതെന്തിനാ? നീ മരിച്ചാല്‍ പിന്നെ ഞാന്‍ വല്ല ഹിമാലയത്തിലേയ്ക്കൊ മറ്റോ തപസ്സിനായി പോവൂല്ലേ.. പിന്നെന്തിനാ ആഹാരമൊക്കെ പാകം ചെയ്യാന്‍ പഠിക്കുന്നത്‌?"

കുഞ്ഞമ്മ : "എന്തു പറഞ്ഞാലും ഒരു തമാശ! അവനവന്റെ കാര്യം നോക്കാന്‍ പഠിക്കണം ആരായാലും, ആണായാലും പെണ്ണായാലും."

ഹരി : "കുഞ്ഞമ്മേ..അതൊന്നു കൂടി പറയൂ.. ഇവളോടെത്ര വട്ടം പറഞ്ഞാലും മനസ്സിലാവില്ലാത്ത കാര്യമാണത്‌. എന്തെങ്കിലും പഠിക്കാനോ, ഒരു ജോലിയ്ക്കു ശ്രമിക്കാനോ പറഞ്ഞാല്‍.. ലോകത്താര്‍ക്കുമില്ലാത്ത സെന്റിയും. എനിക്കെന്തെങ്കിലും പറ്റിയാല്‍ ഇവളെങ്ങനെ ജീവിയ്ക്കുമോ?"

രംഗം രണ്ട്‌ :ഹരിയുടേയും മണിക്കുട്ടിയുടേയും വീട്‌.

ഹരി : നീ ഇന്നു നാട്ടില്‍ വിളിച്ചിട്ട്‌ അമ്മ എന്തു പറഞ്ഞു? എന്താ അവിടെ വിശേഷം?"

മണിക്കുട്ടി : "പ്രത്യേകിച്ചൊന്നുമില്ല, നമ്മുടേ വടക്കേതിലെ സുരേഷു ചേട്ടനില്ലെ, പുള്ളിയുടെ കല്യാണമാണത്രേ അടുത്ത ആഴ്ച."

ഹരി : "ഓ! അതൊരു നല്ല വിശേഷം ആണല്ലോ"

മണിക്കുട്ടി :" എന്നാലും ഭാര്യ മരിച്ചിട്ട്‌ മാസം ഒന്‍പതല്ലെ ആയുള്ളൂ അപ്പോഴേയ്ക്കും.."

ഹരി : "നല്ല കാര്യമല്ലേ അത്‌, ഒന്‍പതുമാസം പ്രായമുള്ള ആ കുഞ്ഞിനേയും കൊണ്ട്‌ പുള്ളിയെങ്ങനെ തനിയെ മാനേജു ചെയ്യും? "

Wednesday, June 21, 2006

ശുക്രദശ !!

പതിവില്ലാതെ ഇടതുകണ്ണു തുടിച്ചപ്പോള്‍ ഭയങ്കര സന്തോഷമായെനിയ്ക്ക്‌. ഇഷ്ടമുള്ളതെന്തോ നടക്കാന്‍ പോകുന്നു.വലതുകണ്ണായിരുന്നെങ്കില്‍ ഇതൊക്കെ അന്ധവിശ്വാസം എന്നു തള്ളിക്കളയാമായിരുന്നു, ഇതങ്ങനെ പറ്റില്ലല്ലൊ.എന്നാലും എന്തായിരിക്കും? അമ്മാവന്റെ കല്യാണമെങ്ങാന്‍ ശരിയായിക്കാണുമോ.. അതോ അനിയനു വേറെ ജോലി ശരിയായിക്കാണുമോ? എവിടെയെങ്കിലും എന്റെ റെസ്യുമെ ഒന്നു ഫോര്‍വേഡു ചെയ്യാമായിരുന്നു. ഇപ്പോള്‍ ശുക്രദശയാണു താനും. പറഞ്ഞിട്ടെന്തു ഫലം?

അങ്ങനെ ഉച്ച കഴിഞ്ഞുള്ള നേരമായതുകൊണ്ട്‌ ഞാനിങ്ങനെ ഒരോരോ ചിന്തകളുമതിനിടയില്‍ ബ്ലൊഗിങ്ങും.. ടെന്നീസ്‌ കോര്‍ട്ടിലെ കളിക്കാരിയെപ്പോലെ എവിടെനിന്നു വരുന്നു എന്നുനോക്കി നോക്കി റെസ്റ്റില്ലാതെ... ചാറ്റിങ്ങും.. അതും നാലു പേരോടു ഒരേ സമയം..


അതിനിടയില്‍ എപ്പോഴോ എനിയ്ക്കു ആവശ്യത്തില്‍ കൂടുതല്‍ റെസ്റ്റു കിട്ടുന്നതു പോലെ തോന്നി. എന്തു പറ്റിയോ ആവോ? എല്ലാവരുടേയും ചോദ്യം നിലച്ചോ?. സൂക്ഷിച്ചൊന്നു നോക്കിയപ്പോള്‍ കുട കിട്ടിയില്ലെങ്കിലും പിടി കിട്ടി, നോക്കുമ്പോഴൊക്കെ ചിരിച്ചോണ്ടിരിക്കുന്ന യാഹൂ അമ്മാവന്‍ മുഖം മുഴുവന്‍ ബാന്‍ഡേജിട്ടതു പോലെ വെളുത്തു... വെളുത്തു തുടുത്തിരുന്ന ഗൂഗിള്‍ ചേട്ടനാണെങ്കില്‍ മുഖം കറുപ്പിച്ചുപിടിച്ചിരിക്കുന്നു. അപ്പോള്‍ അതാണു കാര്യം.. ഇന്റെര്‍നെറ്റ്‌ ഞാന്‍ പോലും അറിയാതെ.. എന്നോടൊരു വാക്കു പോലും പറയാതെ.. എന്നെ വിട്ടു പോയിരിക്കുന്നു...

അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലൊ, എനിക്കറിയാവുന്ന തരികിടകളൊക്കെ ചെയ്തുനോക്കി, നോ... രക്ഷ. കെടും ഓഫാവും, കെടും ഓഫാവും എന്നു പറഞ്ഞുകൊണ്ടു.. ഒരു സെക്കന്റു നേരത്തെയ്ക്കു വരും.ഇനിയിപ്പോള്‍ നെറ്റ്‌ അഡ്മിനെ തന്നെ വിവരമറിയിച്ചേക്കാമെന്നു കരുതി ഫോണെടുത്തപ്പോള്‍ ഡയല്‍ ടോണിനു പകരം ഫയര്‍ അലാം പോലെയൊരു ശബ്ദം. കുറച്ചു നേരത്തേയ്ക്കു ജനജീവിതം സ്തംഭിച്ചു പോയി. ഇനി ആകെ ആശ്രയം ടി വി മാത്രം.

കഴിഞ്ഞ ദിവസം ലൈബ്രറിയില്‍ നിന്നെടുത്ത, സിനിമയൊക്കെ ഇട്ടു, അതില്‍ തന്നെ മുഴുകി ഇരിക്കുമ്പോള്‍ കേട്ടു വാതിലില്‍ സാമാന്യം നല്ലൊരു മുട്ടല്‍. നല്ല പാതിയാണെങ്കില്‍ വരാന്‍ നേരമായിട്ടില്ല. പിന്നെ ആരാണാവോ ഇത്ര അധികാര ശബ്ദത്തില്‍?

എന്തായാലും രണ്ടും കല്‍പ്പിച്ചു വാതില്‍ചെയിന്‍ ഒക്കെ ഇട്ടു തുറന്നു.പുറത്ത്‌.. നെവിബ്ലൂ യൂണീഫോമില്‍ രണ്ടു പോലീസുകാര്‍. ഇവരെന്താണോ ഇവിടെ? ഈ ബില്‍ഡിങ്ങില്‍ എന്തെങ്കിലും കുഴപ്പം? അതോ എന്തെങ്കിലും വിവരം പറയാന്‍ വീടു മാറി..പക്ഷേ.. എന്നെ എതിരേറ്റതു..

"നിങ്ങള്‍ 911 വിളിച്ചിരുന്നോ?"

ഞാനോ? ഏയ്‌.. ഞാനാ ടൈപ്പൊന്നുമല്ല എന്നു മനസ്സില്‍ പറഞ്ഞുകൊണ്ടു ഞാന്‍, "ഇല്ലല്ലൊ" എന്നു മൊഴിഞ്ഞു.

എന്നാലിനി പോവ്വായില്ലേ എന്ന നോട്ടത്തോടെ വാതിലടയ്ക്കാന്‍ തുടങ്ങിയ എന്നെ അവരു ഞെട്ടിച്ചു.
"ഞങ്ങള്‍ക്കൊന്നു അകത്തു കയറി പരിശോധിക്കാമോ?"

എന്റെ ദൈവമേ.. വേണ്ട എന്നു പറഞ്ഞാല്‍ ആകെ പുലിവാലാകും. ആയിക്കോട്ടെ എന്നു മനസ്സു നിറഞ്ഞു പറയാനും പറ്റണില്ല.. ജീവിതത്തില്‍ ആദ്യായിട്ടൊരു... ഇനിയിപ്പോള്‍ ആലോചിച്ചിട്ടു കാര്യമില്ല, തുറന്നു കൊടുത്തു. ചോദ്യങ്ങളെ നേരിടാന്‍ ഞാന്‍ തയ്യാറായി.

"ഇവിടെ ആരൊക്കെയുണ്ട്‌"

"ഇപ്പോള്‍ ഞാനും, മകളും മാത്രം"

"എന്നാല്‍ മോളെ വിളിക്കൂ.. കാണട്ടെ."

അവള്‍ ഫോണില്‍ തൊട്ടിട്ടു കൂടി ഇല്ല എന്നെനിയ്ക്കറിയാമെങ്കിലും.. അവരുടെ സംശയം എനിക്കു മനസ്സിലായി, കുട്ടിയെ എന്തെങ്കിലും ചെയ്തതുകൊണ്ടു അവള്‍ വിളിച്ചതാണോ എന്നറിയണം. അങ്ങനേയും സംഭവിക്കാമല്ലോ.

ഒരാള്‍ അവളേയും കൊണ്ട്‌ അടുത്ത മുറിയിലേയ്ക്കു പോയി, അടുത്തയാള്‍ നിന്നിരുന്ന മുറി വീക്ഷിക്കാന്‍ തുടങ്ങി. നല്ല പാതി ടെലികോം ഫീല്‍ഡില്‍ ആയതുകൊണ്ടു കുറെ ടെലിഫോണുകളും, ഒരു വോയിപ്‌ സിസ്റ്റവും കൊണ്ടു വച്ച്‌ ഡൈനിങ്‌ ടേബിള്‍ ഒരു ചെറിയ ടെലഫോണ്‍ എക്സ്‌ചേഞ്ജു പോലെ ആയിരുന്നു. പുള്ളിയുടെ ശ്രദ്ധ അതിലേയ്ക്കു തിരിഞ്ഞു ചോദ്യങ്ങള്‍ വന്നു തുടങ്ങിയപ്പോഴാണ്‌ അല്‍പം മുന്‍പുണ്ടായ ടെലഫോണ്‍ , ഇന്റെര്‍നെറ്റ്‌ പ്രശ്നത്തെപറ്റി ഞാന്‍ ബോധവതി ആയത്‌.

പിന്നെ അതെല്ലാം വിശദീകരിച്ചു, ഫോണും കൂടി ചെക്കു ചെയ്യണം എന്ന ആവശ്യത്തില്‍ എത്തിച്ചു കാര്യങ്ങള്‍ ഞാന്‍.എന്തായാലും കാര്യങ്ങള്‍ മനസ്സിലാക്കി, വിചാരിച്ചതു പോലെ പ്രശ്നങ്ങള്‍ ഒന്നുമില്ല എന്നു മനസ്സിലാക്കി , ഒരു നല്ല ദിവസം ആശംസിച്ചു അവരു പോയപ്പോഴേ എന്റെ വിറയല്‍ മാറിയുള്ളൂ.

പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട്‌"ഇതിലും വലുതെന്തോ വരാനിരുന്നതു, ഇതിലങ്ങു മാറിപ്പോയതാണ്‌" എന്നു. അങ്ങനെ സമാധാനിക്കാം ഏതായാലും. ശുക്രദശയല്ലേ എനിക്ക്‌!!

Tuesday, June 13, 2006

സരസ്വതി വിദ്യാകേന്ദ്രം.

ഞങ്ങളുടെ നാട്ടില്‍ സ്കൂളിനടുത്തായി രണ്ടു ട്യൂഷന്‍ സെന്ററുകളുണ്ട്‌. ഒന്ന്‌ പണിക്കരു സാര്‍ നടത്തുന്ന സ്റ്റഡിസെന്ററും പിന്നൊന്ന്‌ നാട്ടിലെ അഭ്യസ്തവിദ്യരായ, എന്നാല്‍ തൊഴില്‍ ലഭിച്ചിട്ടില്ലാത്ത ഒരു കൂട്ടം ചെറുപ്പക്കാര്‍ നടത്തുന്ന സരസ്വതിവിദ്യാകേന്ദ്രവും. സ്കൂളില്‍ പഠിപ്പിക്കുന്നത്‌ മനസ്സിലായാലും ഇല്ലെങ്കിലും ഏകദേശം മുക്കാല്‍ ഭാഗത്തോളം കുട്ടികളും ഇതിലേതെങ്കിലുമൊന്നില്‍ വിദ്യാര്‍ത്ഥി ആയിരുന്നു. ട്യൂഷനു പോവാന്‍ വേണ്ടി സ്കൂളില്‍ പോവുന്നവരും ഉണ്ടായിരുന്നു. അതാണെങ്കില്‍ സ്കൂളിനെ പോലും വെല്ലുന്ന രീതിയില്‍ ഓഫീസ്‌ റൂം, വെയിറ്റിംഗ്‌ റൂം ഇത്യാദി സൌകര്യങ്ങളോടു കൂടിയതും..

എന്നെ സംബന്ധിച്ചിടത്തോളം സരസ്വതി വിദ്യാകേന്ദ്രം ഒഴിവാക്കാന്‍ പറ്റാത്തതായിരുന്നു. ഒന്നാമത്‌ എന്നെ അക്ഷരമെന്തെന്ന്‌ പഠിപ്പിച്ചു തന്ന കളരി ആശാട്ടിയുടേ ഒരേയൊരു സഹോദരന്‍, പോരാത്തതിന്‌ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ അമ്മാവന്‍ മുന്‍കൈ എടുത്തു നടത്തുന്ന സ്ഥാപനം. പോയേ പറ്റൂ ! അതുകൊണ്ട്‌ ആറാം ക്ലാസ്സു മുതല്‍ രാവിലെ ഏഴര മുതല്‍ ഒന്‍പതര വരെ സരസ്വതി, പിന്നെ സ്കൂള്‍, അതുകഴിഞ്ഞാല്‍ നാലു മുതല്‍ അഞ്ചു വരെ വീണ്ടും സരസ്വതി, ഇതായിരുന്നു ദിനചര്യ.

ഈ ഏഴരയ്ക്കുള്ള ട്യുഷന്‍ എന്നെ സംബന്ധിച്ചിടത്തോളം വലിയ സങ്കടം ഉള്ള കാര്യമാണ്‌. കാരണം അതിനായി നേരത്തെ എഴുന്നേല്‍ക്കണം. അന്നും ഇന്നും അതിരാവിലെ എഴുനേല്‍ക്കുക എന്നതെനിയ്ക്ക്‌ പ്രാണ സങ്കടമാണ്‌. പോരാത്തതിന്‌ കുളിച്ചിട്ടെ സ്കൂളില്‍ പോകാവൂ എന്നത്‌ അച്ഛനു നിര്‍ബന്ധമാണു താനും. അന്നൊന്നും കുളിമുറിയില്‍ കുളി ഒരു കുളിയായി കണക്കാക്കില്ലായിരുന്നു. അതുകൊണ്ട്‌ പറമ്പിനു താഴെയുള്ള കുളത്തില്‍ പോയി വേണം കുളിയ്ക്കാന്‍. വെള്ളമാണെങ്കില്‍ നല്ല തണുത്തും. ഇറങ്ങണോ, വേണ്ടയോ, എന്ന ആലോചനയില്‍ കുറച്ചുനേരം, മുട്ടൊപ്പം വെള്ളത്തില്‍ കുറച്ചുനേരം ഇങ്ങനെ സമയമങ്ങു പോകും. പിന്നെ സമയം കിട്ടാത്ത ദിവസങ്ങളില്‍ കുളി ഒരു മുങ്ങലില്‍ മാത്രം ഒതുക്കിയിട്ടുമുണ്ട്‌, അക്കാര്യം അച്ഛനിതു വരെ അറിഞ്ഞിട്ടില്ല എന്നു മാത്രം ;)

ഇതിനെയെല്ലാം എങ്ങനെയെങ്കിലും അതിജീവിച്ച്‌ സമയത്തിനിറങ്ങാം എന്നു കരുതുമ്പോള്‍ ദാ അടുത്ത കുരിശ്‌ !! അയല്‍വക്കത്തെ കാര്യശേഷിയുള്ള , തിന്നുന്ന ചോറിനു നന്ദിയുള്ള , നന്ദി മൂത്ത്‌ യജമാനനെതന്നെ കടിച്ച അവന്റെ പേരാണ്‌ അക്രു. ഇരുട്ടത്തു അക്രു നിന്നാല്‍ തിളങ്ങുന്ന കണ്ണുകള്‍ മാത്രേ കാണൂ, അതാണു നിറം, അഴിച്ചു വിട്ടാല്‍ പിന്നെ തനിക്കു തോന്നുമ്പോഴേ കൂട്ടില്‍ കേറൂ എന്നതവന്റെ വാശിയാണ്‌. അതിനിടയ്ക്കു ഒരിയ്ക്കല്‍ പിടിയ്ക്കാന്‍ ചെന്നതാണ്‌ ‍ കടിയായി കിട്ടിയത്‌. പാവം പിടിച്ച പട്ടികളെ പോലും പേടിയുള്ള എനിയ്ക്ക്‌ അക്രു ഒരു ഭീകരസ്വപ്നമായിരുന്നു. എന്താണോ എന്തോ എന്നെ പേടിപ്പിക്കാനായി തന്നെ എന്റെ വീട്ടു പരിസരത്തു കറങ്ങലും അവന്റെ ഹോബിയായിരുന്നു. അങ്ങനെയുള്ള ദിവസം അമ്മയുടെ എസ്കോര്‍ട്ടു വേണ്ടി വരും കുറച്ചു ദൂരം എങ്കിലും.

ഇതൊക്കെക്കൊണ്ട്‌ ഏറ്റവും അടുത്തു താമസിക്കുന്ന ഞാനായിരുന്നു ഏറ്റവും അവസാനം അവിടെ ഹാജര്‍. വെള്ളം ഇറ്റു വീഴുന്ന തലമുടിയും, അതിലൊരു മുക്കൂറ്റിപൂവും, കയ്യിലൊരു കെട്ടു പുസ്തകങ്ങളും കൂട്ടത്തില്‍ "..let me get in??" ചോദ്യവുമായി ഞാന്‍ വതില്‍ക്കല്‍ എത്തുമ്പോഴേയ്ക്കും ക്ലാസ്സില്‍ കൂട്ടച്ചിരിയായി. എന്താ ബിന്ദൂ.. ഇന്നു വിമാനം ഒന്നും കിട്ടിയില്ലേ? എന്ന ചോദ്യത്തിനു മുന്നില്‍ , പരുങ്ങി... ചമ്മി നില്‍ക്കാനായിരുന്നു മിക്കവാറും ദിവസങ്ങളില്‍ എന്റെ വിധി.

ഒത്തിരി താമസിച്ചു ചെല്ലുന്ന ദിവസങ്ങളില്‍ ഇതിലൊന്നും നില്‍ക്കില്ല, ഓഫീസില്‍ ചെന്നു വരവു വച്ചിട്ടു വേണം ക്ലാസ്സില്‍ ചെല്ലാന്‍. അങ്ങനെയൊരു ദിവസം കാരണമൊന്നുമില്ലാതെ വൈകി. ഓഫീസുമുറിയില്‍ എത്തി. പ്രധാന അദ്ധ്യാപകന്‍‍ ആരോടോ സംസാരിച്ചുകൊണ്ടിരിക്കുന്നു, വാതിലിനു പുറം തിരിഞ്ഞിരിക്കുന്നതു കൊണ്ട്‌ ഞാന്‍ ശ്രദ്ധിച്ചതുമില്ല. പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്തു കാര്യം .

ഇന്നിനി എന്താ കാരണം ബിന്ദൂ?? കുറച്ചു പരിഹാസം ഉണ്ടായിരുന്നൊ എന്നൊരു സംശയം. ഞാനല്ലെ പുള്ളി, പാവം ഞാന്‍,മുഖം പരമാവധി ദയനീയമാക്കി പറഞ്ഞു "ഇന്നും പതിവുപോലെ അക്രു അഴിഞ്ഞു നടക്കുന്നു, എന്നെ കടിച്ചില്ല എന്നേയുള്ളൂ". സാറിന്റെ മുഖത്തും ശോകം. പണി ഏറ്റു എന്ന ആശ്വാസതോടെ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ ഞാന്‍ കേട്ടതു " ഞങ്ങള്‍ ഇപ്പോള്‍ അഞ്ചാറു ദിവസമായിട്ടു അക്രുവിനെ തുറന്നു വിടാറില്ലല്ലൊ" എന്നതാണ്‌.

ഹോ.. പ്രിയമുള്ള നുണകള്‍ പറയാം എന്നു ആരാണോ എനിക്കു പറഞ്ഞു തന്നത്‌ !!

Tuesday, May 30, 2006

ദേശാടനം.

ഇപ്രാവശ്യം നാട്ടില്‍ ചെന്നപ്പോള്‍ എല്ലാവരുടേയും ചോദ്യം അതായിരുന്നു, "അപ്പോള്‍ അവിടെ തന്നെയങ്ങു സെറ്റില്‍ ചെയ്യാനാണോ ഭാവം??". ഇവിടെ നിന്നു തിരിക്കുമ്പോഴേ ഇങ്ങനെയൊരു ചോദ്യം പ്രതീക്ഷിച്ചിരുന്നു, എങ്കിലും അതിനുത്തരമൊന്നും കണ്ടു പിടിച്ചല്ല പോയത്‌ എന്നുള്ളതുകൊണ്ടു വെറുതെ ഇളിച്ചു കാണിച്ചു. അല്ലാതെന്തു ചെയ്യാന്‍?

ശരിയാണ്‌, ഇവിടെ തന്നെ കൂടണോ? അല്ല കൂടിയാല്‍ എന്താ കുഴപ്പം? അപ്പോള്‍ നാട്ടില്‍ വയസ്സായ അച്‌ഛനും അമ്മയുമോ? എത്രയൊക്കെ നന്‍മകള്‍ നിറഞ്ഞ സ്ഥലമെങ്കിലും ഈ നാടിനെ നമുക്കു നമ്മുടെ നാടെന്നു എന്നെങ്കിലും തോന്നുമോ?? പക്ഷേ .. അവിടെ ചെന്നാലുള്ള കാര്യമോ?? തിരിച്ചും മറിച്ചും ആലോചിച്ചാലും ഒരു ഉത്തരവും കിട്ടാത്ത കുറേ ചോദ്യങ്ങള്‍ !!

മരുഭൂമിയിലെ അസ്തിത്വത്തെക്കുറിച്ചു ആശങ്ക വന്നു തുടങ്ങിയപ്പോഴാണു വേറൊരു മാര്‍ഗ്ഗത്തെപ്പറ്റി ചിന്തിച്ചു തുടങ്ങിയത്‌. എപ്പോള്‍ വേണമെങ്കിലും തെറിച്ചേക്കാവുന്നൊരു ജോലിയുമായി എത്രനാള്‍?? അതിനുള്ള ഉത്തരമായിരുന്നു, ഈ ദേശം. ആകര്‍ഷകങ്ങളായ അനവധി കാര്യങ്ങള്‍, ആരോഗ്യരംഗത്തും, വിദ്യാഭ്യാസരംഗത്തും!! ആനന്ദലബ്ധിക്കിനിയെന്തു വേണം?? പക്ഷേ....

ഈയിടെ, ഇവിടെ വന്നിട്ടു കുറേയേറെ വര്‍ഷങ്ങളായ ഒരു സുഹൃത്തിനോടു ഒരു തിരിച്ചു പോക്കിനെപറ്റി പറഞ്ഞപ്പോള്‍ ചിരിക്കുകയാണുണ്ടായത്‌. കുറേക്കാലം ഇവിടെ താമസിച്ചു സുഖം പിടിച്ചവരാരും തിരിച്ചു പോവില്ലത്രേ. അതാണു പോലും ഇവിടെ വന്നാല്‍ ഉടന്‍ ഒരു ജോലി ഇത്ര ബുദ്ധിമുട്ടായിട്ടും പിന്നേയും ദിനം പ്രതി ആള്‍ക്കാര്‍ ഇവിടെ വന്നുകൊണ്ടിരിക്കുന്നത്‌. എന്തോ........
നാട്ടിലെ 'കള്‍ച്ചറും', ഇവിടുത്തെ 'കണ്‍വീനിയന്‍സും'.... അങ്ങനെയൊന്നുണ്ടായിരുന്നെങ്കില്‍.... ഈ ജീവിതമൊരു ദേശാടനം!!!

Friday, May 26, 2006

നയാഗ്ര !!


നയാഗ്ര വെള്ളച്ചാട്ടം !! ലോകമഹാത്‌ഭുതങ്ങളില്‍ ഒന്ന്‌. അമേരിക്കയില്‍ നിന്നു കാനഡയിലേക്കു പതിക്കുന്നു എന്നൊക്കെ കേട്ടപ്പോള്‍ അതെങ്ങനെ എന്നൊരു സംശയം ഉണ്ടായിരുന്നു.എങ്ങനെ എന്നു കണ്ടപ്പോള്‍ മനസ്സിലായി. അങ്ങനെ രണ്ടുപേര്‍ക്കും മദ്ധ്യേ ആയതുകൊണ്ട്‌ രണ്ട്‌ കൂട്ടരും ഇവിടെ നിന്നു ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിക്കുന്നു എന്നാണു കേട്ടറിവ്‌.

Saturday, May 20, 2006

നമസ്കാരം !!

സത്യത്തില്‍ ഒരു ബ്ലോഗ്‌ തുടങ്ങാമെന്നു വച്ചത്‌ എന്തെങ്കിലും എഴുതാന്‍ പറ്റുമെന്ന ആശയോടെയല്ല, ഈ ബ്ലോഗ്‌ കൂട്ടായ്മ ഒക്കെ കണ്ട്‌ മോഹിച്ച്‌, വന്നു കേറിയതാണ്‌. അതുകൊണ്ടു തന്നെ ആദ്യമായി സ്റ്റേജില്‍ കയറിയ ഒരു കുട്ടിയുടെ സഭാകമ്പവും ഉണ്ട്‌. ഉന്തിതള്ളി ഏതായാലും വന്നു കേറി ഇനി എന്നാല്‍ എല്ലാവരേയും സ്മരിച്ചു കൊണ്ട്‌ അങ്ങു തുടങ്ങാം ല്ലേ???

മിനക്കെടാന്‍ മനസ്സില്ലാത്ത ഞാന്‍ ഇതു മുടങ്ങാതെ കൊണ്ടുപോകണമെങ്കില്‍ വിഘ്‌നേശ്വരന്റെ കനിവു തന്നെ വേണം. വിദ്യാവിലാസിനിയും വരവര്‍ണിനിയുമായ സരസ്വതീദേവിയുടെ കടാക്ഷമില്ലാതെ ഈ ഞാന്‍ എന്തെഴുതാന്‍?? അതുപോലെ എന്തൊക്കെ നേടിയാലും ഗുരുത്വം കിട്ടിയില്ലെങ്കില്‍ എന്തു ഫലം? എന്റെ ആദ്യഗുരു എന്റെ അച്‌ഛന്‍ തന്നെയാണെങ്കിലും ബൂലോകത്തില്‍ എന്റെ ഗുരുക്കന്മാര്‍ എനിക്കു മുന്നേ നടന്ന നിങ്ങളെല്ലാം ആണ്‌.(ഉണ്ട്‌, എല്ലാവരും ഉണ്ട്‌ ട്ടോ).

അങ്ങനെ ഗണപതിയേയും, സരസ്വതിയേയും, ഗുരുക്കന്‍മാരേയും സ്മരിച്ചുകൊണ്ട്‌ ഞാനും വരുന്നു....

ബിന്ദു.

സമര്‍പ്പണം :- എന്നെ ബ്ലോഗ്‌ തുടങ്ങാന്‍ പ്രോല്‍സാഹിപ്പിച്ച എല്ലാ ബ്ലോഗര്‍ക്കും..