Tuesday, June 13, 2006

സരസ്വതി വിദ്യാകേന്ദ്രം.

ഞങ്ങളുടെ നാട്ടില്‍ സ്കൂളിനടുത്തായി രണ്ടു ട്യൂഷന്‍ സെന്ററുകളുണ്ട്‌. ഒന്ന്‌ പണിക്കരു സാര്‍ നടത്തുന്ന സ്റ്റഡിസെന്ററും പിന്നൊന്ന്‌ നാട്ടിലെ അഭ്യസ്തവിദ്യരായ, എന്നാല്‍ തൊഴില്‍ ലഭിച്ചിട്ടില്ലാത്ത ഒരു കൂട്ടം ചെറുപ്പക്കാര്‍ നടത്തുന്ന സരസ്വതിവിദ്യാകേന്ദ്രവും. സ്കൂളില്‍ പഠിപ്പിക്കുന്നത്‌ മനസ്സിലായാലും ഇല്ലെങ്കിലും ഏകദേശം മുക്കാല്‍ ഭാഗത്തോളം കുട്ടികളും ഇതിലേതെങ്കിലുമൊന്നില്‍ വിദ്യാര്‍ത്ഥി ആയിരുന്നു. ട്യൂഷനു പോവാന്‍ വേണ്ടി സ്കൂളില്‍ പോവുന്നവരും ഉണ്ടായിരുന്നു. അതാണെങ്കില്‍ സ്കൂളിനെ പോലും വെല്ലുന്ന രീതിയില്‍ ഓഫീസ്‌ റൂം, വെയിറ്റിംഗ്‌ റൂം ഇത്യാദി സൌകര്യങ്ങളോടു കൂടിയതും..

എന്നെ സംബന്ധിച്ചിടത്തോളം സരസ്വതി വിദ്യാകേന്ദ്രം ഒഴിവാക്കാന്‍ പറ്റാത്തതായിരുന്നു. ഒന്നാമത്‌ എന്നെ അക്ഷരമെന്തെന്ന്‌ പഠിപ്പിച്ചു തന്ന കളരി ആശാട്ടിയുടേ ഒരേയൊരു സഹോദരന്‍, പോരാത്തതിന്‌ എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ അമ്മാവന്‍ മുന്‍കൈ എടുത്തു നടത്തുന്ന സ്ഥാപനം. പോയേ പറ്റൂ ! അതുകൊണ്ട്‌ ആറാം ക്ലാസ്സു മുതല്‍ രാവിലെ ഏഴര മുതല്‍ ഒന്‍പതര വരെ സരസ്വതി, പിന്നെ സ്കൂള്‍, അതുകഴിഞ്ഞാല്‍ നാലു മുതല്‍ അഞ്ചു വരെ വീണ്ടും സരസ്വതി, ഇതായിരുന്നു ദിനചര്യ.

ഈ ഏഴരയ്ക്കുള്ള ട്യുഷന്‍ എന്നെ സംബന്ധിച്ചിടത്തോളം വലിയ സങ്കടം ഉള്ള കാര്യമാണ്‌. കാരണം അതിനായി നേരത്തെ എഴുന്നേല്‍ക്കണം. അന്നും ഇന്നും അതിരാവിലെ എഴുനേല്‍ക്കുക എന്നതെനിയ്ക്ക്‌ പ്രാണ സങ്കടമാണ്‌. പോരാത്തതിന്‌ കുളിച്ചിട്ടെ സ്കൂളില്‍ പോകാവൂ എന്നത്‌ അച്ഛനു നിര്‍ബന്ധമാണു താനും. അന്നൊന്നും കുളിമുറിയില്‍ കുളി ഒരു കുളിയായി കണക്കാക്കില്ലായിരുന്നു. അതുകൊണ്ട്‌ പറമ്പിനു താഴെയുള്ള കുളത്തില്‍ പോയി വേണം കുളിയ്ക്കാന്‍. വെള്ളമാണെങ്കില്‍ നല്ല തണുത്തും. ഇറങ്ങണോ, വേണ്ടയോ, എന്ന ആലോചനയില്‍ കുറച്ചുനേരം, മുട്ടൊപ്പം വെള്ളത്തില്‍ കുറച്ചുനേരം ഇങ്ങനെ സമയമങ്ങു പോകും. പിന്നെ സമയം കിട്ടാത്ത ദിവസങ്ങളില്‍ കുളി ഒരു മുങ്ങലില്‍ മാത്രം ഒതുക്കിയിട്ടുമുണ്ട്‌, അക്കാര്യം അച്ഛനിതു വരെ അറിഞ്ഞിട്ടില്ല എന്നു മാത്രം ;)

ഇതിനെയെല്ലാം എങ്ങനെയെങ്കിലും അതിജീവിച്ച്‌ സമയത്തിനിറങ്ങാം എന്നു കരുതുമ്പോള്‍ ദാ അടുത്ത കുരിശ്‌ !! അയല്‍വക്കത്തെ കാര്യശേഷിയുള്ള , തിന്നുന്ന ചോറിനു നന്ദിയുള്ള , നന്ദി മൂത്ത്‌ യജമാനനെതന്നെ കടിച്ച അവന്റെ പേരാണ്‌ അക്രു. ഇരുട്ടത്തു അക്രു നിന്നാല്‍ തിളങ്ങുന്ന കണ്ണുകള്‍ മാത്രേ കാണൂ, അതാണു നിറം, അഴിച്ചു വിട്ടാല്‍ പിന്നെ തനിക്കു തോന്നുമ്പോഴേ കൂട്ടില്‍ കേറൂ എന്നതവന്റെ വാശിയാണ്‌. അതിനിടയ്ക്കു ഒരിയ്ക്കല്‍ പിടിയ്ക്കാന്‍ ചെന്നതാണ്‌ ‍ കടിയായി കിട്ടിയത്‌. പാവം പിടിച്ച പട്ടികളെ പോലും പേടിയുള്ള എനിയ്ക്ക്‌ അക്രു ഒരു ഭീകരസ്വപ്നമായിരുന്നു. എന്താണോ എന്തോ എന്നെ പേടിപ്പിക്കാനായി തന്നെ എന്റെ വീട്ടു പരിസരത്തു കറങ്ങലും അവന്റെ ഹോബിയായിരുന്നു. അങ്ങനെയുള്ള ദിവസം അമ്മയുടെ എസ്കോര്‍ട്ടു വേണ്ടി വരും കുറച്ചു ദൂരം എങ്കിലും.

ഇതൊക്കെക്കൊണ്ട്‌ ഏറ്റവും അടുത്തു താമസിക്കുന്ന ഞാനായിരുന്നു ഏറ്റവും അവസാനം അവിടെ ഹാജര്‍. വെള്ളം ഇറ്റു വീഴുന്ന തലമുടിയും, അതിലൊരു മുക്കൂറ്റിപൂവും, കയ്യിലൊരു കെട്ടു പുസ്തകങ്ങളും കൂട്ടത്തില്‍ "..let me get in??" ചോദ്യവുമായി ഞാന്‍ വതില്‍ക്കല്‍ എത്തുമ്പോഴേയ്ക്കും ക്ലാസ്സില്‍ കൂട്ടച്ചിരിയായി. എന്താ ബിന്ദൂ.. ഇന്നു വിമാനം ഒന്നും കിട്ടിയില്ലേ? എന്ന ചോദ്യത്തിനു മുന്നില്‍ , പരുങ്ങി... ചമ്മി നില്‍ക്കാനായിരുന്നു മിക്കവാറും ദിവസങ്ങളില്‍ എന്റെ വിധി.

ഒത്തിരി താമസിച്ചു ചെല്ലുന്ന ദിവസങ്ങളില്‍ ഇതിലൊന്നും നില്‍ക്കില്ല, ഓഫീസില്‍ ചെന്നു വരവു വച്ചിട്ടു വേണം ക്ലാസ്സില്‍ ചെല്ലാന്‍. അങ്ങനെയൊരു ദിവസം കാരണമൊന്നുമില്ലാതെ വൈകി. ഓഫീസുമുറിയില്‍ എത്തി. പ്രധാന അദ്ധ്യാപകന്‍‍ ആരോടോ സംസാരിച്ചുകൊണ്ടിരിക്കുന്നു, വാതിലിനു പുറം തിരിഞ്ഞിരിക്കുന്നതു കൊണ്ട്‌ ഞാന്‍ ശ്രദ്ധിച്ചതുമില്ല. പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്തു കാര്യം .

ഇന്നിനി എന്താ കാരണം ബിന്ദൂ?? കുറച്ചു പരിഹാസം ഉണ്ടായിരുന്നൊ എന്നൊരു സംശയം. ഞാനല്ലെ പുള്ളി, പാവം ഞാന്‍,മുഖം പരമാവധി ദയനീയമാക്കി പറഞ്ഞു "ഇന്നും പതിവുപോലെ അക്രു അഴിഞ്ഞു നടക്കുന്നു, എന്നെ കടിച്ചില്ല എന്നേയുള്ളൂ". സാറിന്റെ മുഖത്തും ശോകം. പണി ഏറ്റു എന്ന ആശ്വാസതോടെ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ ഞാന്‍ കേട്ടതു " ഞങ്ങള്‍ ഇപ്പോള്‍ അഞ്ചാറു ദിവസമായിട്ടു അക്രുവിനെ തുറന്നു വിടാറില്ലല്ലൊ" എന്നതാണ്‌.

ഹോ.. പ്രിയമുള്ള നുണകള്‍ പറയാം എന്നു ആരാണോ എനിക്കു പറഞ്ഞു തന്നത്‌ !!

28 comments:

ബിന്ദു said...

ഞാനൊരെണ്ണം കൂടി ഇട്ടു :)

സു | Su said...

പ്രിയമുള്ള നുണകള്‍ പറയരുത്. അത്യാവശ്യത്തിന് അല്പം നുണയൊക്കെ ആവാം. അത്രേ ഉള്ളൂ.
പാവം അക്രു. അതിന്റെ പേരും പറഞ്ഞ് എത്ര ദിവസം സരസ്വതിയെ സേവിച്ചു എന്ന് അത് അറിയുന്നുണ്ടോ.:)

Kuttyedathi said...

അപ്രിയ സത്യങ്ങള്‍ പറയരുതെന്നു ഞാന്‍ കേട്ടിട്ടുണ്ട്‌. അതിന്റെ ബാക്കി, പ്രിയ നുണകള്‍ പറയാമെന്നാണോ ? ആവോ ഓര്‍മയില്ല.

ന ബ്രൂയാത്‌ സത്യമപ്രിയം..

ബാക്കിയെന്താ...? വയസ്സും പ്രായവുമായി. ഒക്കെ മറന്നു. ഉമേഷ്‌ മാഷു തന്നെ ശരണം.

എന്തായാലും നമുക്കതിനൊരു അനുബന്ധമെഴുതി ചേര്‍ക്കാം. പ്രിയമുള്ള നുണകള്‍ പറയുമ്പോള്‍ അതാരോടാണെന്നു രണ്ടു വട്ടം ചിന്തിച്ചിട്ടേ പറയാവൂ. ആ നുണയുടെ സത്യ സ്ഥിതി അറിയുന്നവരോടു പറയരുത്‌ :)

അന്തക്കാലത്തും ആറാം ക്ലാസ്സുമുതല്‍ ദൂഷ്യമുണ്ടായിരുന്നല്ലേ ? ഞാനൊരിക്കലുമീ സംഭവത്തിനു പോയിട്ടില്ലാത്തതിനാല്‍ അതിനുള്ളിലെന്തു നടക്കുന്നെന്നൊരു ഗ്രാഹ്യവുമില്ല.

നന്നായി എഴുതിയിരിക്കുന്നു, ബിന്ദൂ.

ഉമേഷ്::Umesh said...

കുട്ട്യേടത്തീ,

സത്യം ബ്രൂയാത്, പ്രിയം ബ്രൂയാത്
ന ബ്രൂയാത് സത്യമപ്രിയം


ബാക്കി എനിക്കും അറിയില്ല.

ബിന്ദൂ‍, പോസ്റ്റു വായിക്കാന്‍ സമയം കിട്ടിയില്ല. വായിച്ചിട്ടു് അഭിപ്രായം പറയാം.

വക്കാരിമഷ്‌ടാ said...

പൊറ്റക്കാടിന്റെ ഒരു ദേശത്തിന്റെ കഥയില്‍ നിന്നാണ് സത്യം ബ്രൂയാല്‍ ആദ്യമായി കേള്‍ക്കുന്നത്. അന്ന് മനസ്സിലാക്കിയത് സത്യം പറയണം, പക്ഷേ മറ്റുള്ളവര്‍ക്ക് പ്രിയകരമായ സത്യമേ പറയാവൂ-മറ്റുള്ളവര്‍ക്ക് അപ്രിയമായ സത്യങ്ങള്‍ പറയരുത് എന്നാണ് ആ ശ്ലോകത്തിന്റെ അര്‍ത്ഥമെന്നാണ്. അങ്ങിനെയെന്തോ ആ നോവലില്‍ അവിടെത്തന്നെ വിശദീകരിക്കുന്നുമുണ്ടെന്ന് തോന്നുന്നു.

ബിന്ദുവേ, പോസ്റ്റ് വായിച്ചിട്ടില്ല. വായിക്കാം ട്ടോ

വക്കാരിമഷ്‌ടാ said...

ഹോ, എന്റേയും ഉമേഷ്‌ജിയുടേയും ഒരു മനപ്പൊരുത്തം. ഞാന്‍ എഴുതി പബ്ലിഷേല്‍ ക്ലിക്കാന്‍ തുടങ്ങിയപ്പോള്‍, ദേ കിടക്കുന്നു, ഉമേഷ്‌ജിയും സിമിലര്‍ ലൈനില്‍... ഈ പൊരുത്തം സൌന്ദ്യര്യത്തിന്റെ കാര്യത്തിലുമുണ്ടാവുമോ? പേടിപ്പിക്കല്ലേ...

ബിന്ദു said...

സു.. എന്നെ ഉപദ്രവിച്ചതിന്റെ പേരില്‍ ഞാന്‍ അക്രുവിനെ ഇത്രയൊന്നും ചെയ്താല്‍ പോര സൂ. മറഞ്ഞിരുന്നു ചാടിവീഴുക അവന്റെ സ്ഥിരം പണി ആയിരുന്നു.

കുട്ടിയേടത്തീ.. അവിടെ അന്തക്കാലത്തു ട്യൂഷനു പോവാത്ത കുട്ടികള്‍ എന്തോ പഠിക്കാന്‍ ഇഷ്ടമല്ലാത്തവര്‍ എന്ന നിലയിലായിരുന്നു. ഇപ്പോള്‍ ആ ട്യൂഷന്‍ ക്ലാസ്സ്‌ അവിടെ ഇല്ല, പുറം തിരിഞ്ഞിരുന്ന ആളിനെ ശ്രദ്ധിക്കാത്തതാണ്‌ ഞാന്‍ ചെയ്ത തെറ്റ്‌( നുണ പറഞ്ഞതല്ലാന്ന്‌, ഏത്‌ ;))

ഉമേഷ്‌ജി... എന്നോടു ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞതാ ഇടയ്ക്കൊക്കെ പ്രിയമുള്ള നുണകള്‍ പറഞ്ഞോളൂ കുട്ടീ എന്ന്‌.

വക്കാരീ.. വായിക്കൂ.. എന്നിട്ടു ഞാന്‍ പറഞ്ഞതു ശരിയായൊ എന്നു പറയൂ.. ഗതികേടു കൊണ്ടല്ലേ... ;)

അരവിന്ദ് :: aravind said...

ഹയ്! ബിന്ദൂസൊരു ബ്ലോഗ് തുടങ്ങിയിട്ട് ഞാനിതിതുവരെ കണ്ടില്ലേ!!!
സോറി സോറി സോറി!!! :-))
അപ്പോ നമ്പറൊക്കെ ഇതു വരെ മനസ്സില്‍ വച്ചിട്ടാരുന്നു അല്ലേ...
അക്രു നന്നായി..ശരിക്കും...എഴുതിതുടങ്ങൂ...മടി മാറും :-))
പുത്യ പോസ്റ്റുകള്‍ക്ക് കാത്തിരിക്കുന്നു.

(കൃഷ്ണന്‍ വീക്ക്നെസ്സ് ആ അല്ലേ..എന്റമ്മയും ചേച്ചിയും അതുപോലെത്തന്നെ :-))

.::Anil അനില്‍::. said...

:)
ഈ അക്രൂ(രനെ)പ്പോലെ ഒരു ഹീറോ അമ്മയുടെ വീടിനയല്‍പ്പക്കത്തും ഉണ്ടായിരുന്നു.
ബസിറങ്ങി ഒരു കിലോമീറ്ററിലധികം കയറ്റിറക്കങ്ങള്‍ നടന്ന് വീടെത്തുന്നതിനു തൊട്ടുമുമ്പാണീ വെല്ലുവിളിയുയര്‍ത്തുന്ന വീരന്റെ വീട്. അവരുടെ മുറ്റം വഴിയേ കടന്നുപോവാന്‍ കഴിയുമായിരുന്നുള്ളൂ.
‘പട്ടിയെ കെട്ടീറ്റൊണ്ടാ‘ന്ന് പതിഞ്ഞ സ്വരത്തില്‍ (അല്ലെങ്കില്‍ അവനാവും മറുപടി പറയുക) ചോദിച്ച് റെസ്പൊണ്‍സ് കിട്ടിയിട്ടേ മുന്നോട്ടു നീങ്ങാന്‍ പറ്റൂ.
പിന്നീടെപ്പോഴോ മുറ്റം ഒഴിവാക്കിക്കൊണ്ടൊരു വഴി അവിടെയുണ്ടായകാലം വരെ ഇതൊരു ശീലമായിരുന്നു. ഒരു പക്ഷേ അക്കാലത്തിനും വളരെ മുമ്പേ പാവം ക്രൂരന്‍ നാടുനീങ്ങിയിരുന്നിരിക്കും.

ദേവന്‍ said...

സത്യം ബ്രൂയാത്‌ പ്രിയം ബ്രൂയാത്‌ ന ബ്രൂയാത്‌ സത്യം-അപ്രിയം
പ്രിയം ച നാന്നൃതം ബ്രൂയാത്‌ ഏഷ ധര്‍മ-സനാതന:
(മനു സ്മൃതി)
സത്യം പറയുക, പ്രിയം പറയുക, അപ്രിയ സത്യം പറയാതിരിക്കുക എന്നതാണ്‌ സനാതന ധര്‍മ്മം

സനാതന ധര്‍മ്മത്തിനു ഗ്ലാനി വരുത്തിയ ഒരു വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകന്‍ കയ്യോടെ പിടികൂടി...പാവം ഇക്രുവിനെ പ്രതിക്കൂട്ടില്‍ ആക്കാന്‍ ശ്രമിച്ചിട്ടല്ലേ.

Anonymous said...

ബിന്ദു,
കുളത്തിലൊക്കെ മുങ്ങിക്കുളിച്ചാ സ്കൂളില്‍ പോയിരുന്നെ? ശ്ശൊ! എന്തൊരു ഭാഗ്യവതി.
ഇന്നേ വരെ ഒരു കുളമോ,തോടൊ, പുഴേടെയൊ അടുത്തൂടെ പോവാന്‍ പറ്റീട്ടില്ല..
ആ..പാലരുവിയില്‍ എസ്ക്കേര്‍ഷനു പോയിട്ടുണ്ടു..അത്രെ ഉള്ളൂ.. :-(

കാശൊക്കെ ഉണ്ടായിട്ടു വേണം മിനിമം ഒരു തോടെങ്കിലും മേടിച്ചിടാന്‍...

പെരിങ്ങോടന്‍ said...

അക്രു. ഏതൊരു പട്ടിയും മോഹിച്ചു പോകുന്ന സുന്ദരന്‍ പേര് :)

റ്റോമി, എന്ന പട്ടി സ്ഥിരം സ്കൂളിലേയ്ക്കു എസ്കോര്‍ട്ട് വരുന്നു എന്ന ഒറ്റക്കാരണത്താല്‍ എന്നും രാവിലെ കരഞ്ഞും, കെഞ്ചിയും (ഞങ്ങള്‍ സഹോദരങ്ങള്‍ ആരെങ്കിലും ദയവു വിചാരിച്ചു പട്ടിയെ കൂട്ടിലാക്കണം‍) പടിയിറങ്ങുന്ന ഒരു അനിയത്തിക്കുട്ടിയെ ഓര്‍മ്മവരുന്നു.

തണുപ്പന്‍ said...

ഹൈസ്കൂളില്‍ സംസ്കൃതം പഠിപ്പിച്ച സരസ്വതി ടീച്ചറാണ് (അതോ യു പി സ്കൂളിലെ നമ്പൂതിരിമാഷോ? ) ആദ്യമായി ന ബ്രൂയം അപ്രിയം സത്യം എന്ന് ആദ്യമായി പറഞ്ഞ് തന്നത് എന്ന് തോന്നുന്നു.പിന്നെ ഒരു പിശുക്കും കാണിച്ചിട്ടില്ല, പറ്റാവുന്നിടത്തല്ലാം ആ തിയറി അപ്ലൈ ചെയ്തിട്ടുണ്ട്.

ഉമേഷ്::Umesh said...

ബിന്ദൂ, വായിച്ചു. കൊള്ളാം :-)

എല്‍. ജീ, അതു തന്നെ ഞാനും പറയുന്നു...

ദേവോ,

ശ്ലോകത്തിനു നന്ദി. അവസാനവരിയില്‍ “നാനൃതം” എന്നായിരിക്കും. ന+അനൃതം. അനൃതമെന്നു വെച്ചാല്‍ ഋതം(സത്യം) അല്ലാത്തതു്.

സുഭാഷിതത്തില്‍ ഇട്ടേക്കാം.

യാത്രികന്‍ said...

ബിന്ദ്വോപ്പോളേ...

വിശാലന്റെ മലമ്പാമ്പ്‌ കാര്‍ത്യായനേച്ചിയെ കാത്തിരിക്കണ പോലെ...

തന്നെ പറ്റി നുണ പറഞ്ഞതിനു ഓപ്പോളേം കാത്ത്‌ അക്രുവും അവിടെ എവിടെയെങ്കിലും കാത്തിരിക്ക്ണ്ടാവും ട്ടോ...

ഇതിനല്ലെ പണ്ടാരോ പറഞ്ഞേ :"നായ്‌ എന്നും നന്ദിയുള്ള ജീവി ആണ്‌" ന്നു...അതെ..അല്ലേ...ആവ്വേര്‍ക്കും...

സ്വന്തം
യാത്രികന്‍

യാത്രികന്‍ said...

ആര്‍ക്കും ദോഷം വരാത്ത നുണ പറയാം...
ആര്‍ക്കെങ്കിലും ദോഷം വരണ സത്യം പറയരുത്‌...

ഇങ്ങിനെ ഒരു വ്യാഖ്യാനം കൊടുക്കാമോ ഈ ശ്ലോകത്തിന്‌???

യാത്രികന്‍

ദേവന്‍ said...

കറക്ഷനു നന്ദി ഗുരുക്കളേ.
നാ+ അനൃതം എങ്ങനെ വെല്‍ഡ്‌ ചെയ്യണമെന്നു നിശ്ചയമില്ലാത്തോണ്ട്‌ ഏച്ചു കെട്ടിയതായിരുന്നു പിഴച്ചത്‌.

ബിന്ദു said...

അരവിന്ദാ :) സന്തോഷം. ഞാന്‍ കൃഷ്ണന്റെ ആളാ.. ചേച്ചിയേം അമ്മയേയും എന്നാല്‍പിന്നെ കൂട്ടത്തില്‍ കൂട്ടിയേക്കാം.

അനില്‍ജി.. :) എനിക്കു പട്ടികളെ ഭയങ്കര പേടിയാ ഇപ്പോഴും. ഇവിടെയൊക്കെ ട്രെയിന്‍ഡായിട്ടുള്ള പട്ടികള്‍ ആണ്‌, എന്നാലും, ദൂരെനിന്നു കാണുമ്പോഴേ ഞാന്‍..

ദേവാ.. :) ഞാന്‍ ഓഫീസുമുറിയില്‍ ചെന്നതുവരെയേ നടന്നിട്ടുള്ളൂ, ബാക്കിയെല്ലാം മീരാ ജാസ്മിനാ ;)( ഭാവന ഭയങ്കര ബിസി, തമിഴില്‍) എന്നോടു ചോദിച്ചിട്ടു കാര്യമില്ല എന്നറിയാവുന്നതുകൊണ്ടു പിന്നെ പിന്നെ ചോദിക്കാതായിരുന്നു. അക്രുവിന്റെ വീട്ടുകാരന്‍ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. അന്നു തോന്നിയതായിരുന്നു, ഇങ്ങനെയെങ്ങാനും സംഭവിച്ചിരുന്നെങ്കില്‍ ചമ്മി പൊയേനേല്ലൊ എന്നു.

എല്‍ ജി.. :) ഞാന്‍ എന്നും കുളത്തില്‍ ആയിരുന്നു കുളി. സ്കൂളില്‍ പഠിക്കുമ്പോള്‍. അതില്‍ നിറച്ചും നീര്‍ക്കോലികളായിരുന്നു. ഇപ്പോള്‍ അതു ഉപയോഗശൂന്യമായി പായല്‍ പിടിച്ചു കിടക്കുന്നു, വേണേല്‍ തരാം ;)

പെരിങ്ങ്സേ... :) വളരെ സന്തോഷം. അനിയത്തിക്കുട്ടിക്കൊരു സെയിം പിച്ച്‌. അതിന്റെ വിഷമം അനുഭവിച്ചവര്‍ക്കേ അറിയൂ.

തണുപ്പാ.. :) മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടാവുമെങ്കില്‍ ... സത്യം പറയാതിരിക്കുന്നതു തന്നെയാണു നല്ലതു. സന്തോഷം.

ഉമേഷ്‌ജി.. :) വളരെ നന്ദി. തോടു വാങ്ങുന്ന കാര്യമാണോ? വല്യ പാടല്ലെ, വിശാലന്റെ നാട്ടിലെ പോലെ ആരെങ്കിലും അതിന്റെ കരയില്‍ വല്ല...??

യാത്രികാ.. :) അക്രു ഒക്കെ എപ്പോഴേ.. ഇഹലോകവാസം വെടിഞ്ഞു. കുറെകഴിഞ്ഞപ്പോള്‍ പാണ്ടന്‍ നായുടെ പല്ലിനു ശൌര്യം.... പാടി അക്രു നാടു വിട്ടു.

kumar © said...

അക്രുമാര്‍ നീണാല്‍ വാഴട്ടെ, ഈ കുഞ്ഞുനുണകളും! :)

കലേഷ്‌ കുമാര്‍ said...

ബിന്ദു, നന്നായിട്ടുണ്ട് പോസ്റ്റ്!
കുട്ടിക്കാലത്ത് എന്തൊക്കെ നുണകള്‍ പറയും. അതിലൊന്നും വല്യ കാര്യമൊന്നുമില്ല.

വക്കാരിമഷ്‌ടാ said...

ബിന്ദൂ.. നന്നായിരിക്കുന്നു. ഇതിലൊരു അയല്‍പ്പക്കപ്പാരയുമുണ്ടായിരുന്നല്ലേ. ശരിക്കും സത്യം ബ്രൂയാത് ബ്രൂക്കാപ്പി കൊടുക്കേണ്ടത് ആ അപ്രിയ സത്യം വിളിച്ചു പറഞ്ഞ് ആള്‍ക്കായിരുന്നു എന്നു തോന്നുന്നു. ബിന്ദുവിന് അപ്രിയമായ സത്യം ആ ദേഹം/ദേഹി വിളിച്ചു പറയാന്‍ പാടില്ലായിരുന്നു. എന്നാല്‍ പിന്നെ അതുവെച്ച് കുറെ കറുത്ത എഴുത്തുകള്‍ നടത്താമായിരുന്നല്ലോ. എല്ലാം കൊണ്ടുപോയിക്കളഞ്ഞില്ലേ.

നല്ല ഹമ്പിള്‍ സിമ്പിള്‍ എഴുത്ത്. ട്യൂഷന്റെ കാര്യങ്ങളൊക്കെ ഓര്‍ക്കുമ്പോള്‍ എന്റെ ഉമിയില്‍ മുട്ടയിടുന്ന കോഴിപ്പോസ്റ്റോര്‍ക്കുന്നു. എന്തൊരു ട്യൂഷന്‍ കാലമായിരുന്നു!

കുറുമാന്‍ said...

പോസ്റ്റെഴുതുന്ന തിരക്കായതുകാരണം ഇന്നാ ബിന്ദൂ ഇത് വായിക്കാനായത്.

അക്രുവിന്റെ നായത്തരങ്ങള്‍ വായിച്ചപ്പോള്‍, എനിക്കെന്റെ മോത്തിയെ ഓര്‍മ്മ വന്നു.

അക്രു മോത്തിയുടെ മുന്‍പില്‍ വെറും പാവം.

അജിത്‌ | Ajith said...

ബിന്ദുവേടത്തീ,
എനിക്ക്‌ ഈ പട്ടി എന്നുള്ള പേര്‌ കേള്‍ക്കുമ്പോള്‍ തന്നെ ഒരു കൊള്ളിയാന്‍ മിന്നും, പൊക്കിളിനു ചുറ്റും. നാലാം ക്ലാസില്‍ പടിക്കുമ്പോള്‍ ആരും പേരിടാത്ത ഒരു പട്ടി കടിച്ച കാരണം പൊക്കിളിനു ചുറ്റും 14 ഇംജക്ഷന്‍ കേറി പോയതാ...

അതൊക്കെ പറയുകാണെങ്കില്‍ ഒരു പുതിയ പോസ്റ്റിനുള്ള വക ഉണ്ട്‌. പതിയെ അതൊക്കെ പോസ്റ്റാം

ബിന്ദു said...

കുമാര്‍.. :) അക്രുമാര്‍ നീണാള്‍ വാഴട്ടെ, പക്ഷേ.. ചങ്ങലകളും നീണാള്‍ വാഴട്ടെ, അല്ലെങ്കില്‍ എന്നെപ്പോലെ ഉള്ളവര്‍ക്കു വെളിയില്‍ ഇറങ്ങാന്‍ പറ്റില്ല.

കലേഷ്‌... :) ശരിയാണന്നെ, ഇതൊക്കെയൊരു നുണയാണോ? ഇത്രയെങ്കിലും നുണ പറഞ്ഞില്ലെങ്കില്‍ പിന്നെ.. ;)

വക്കാരീ... :) വക്കാരി മാത്രം ആ സത്യം മനസ്സിലാക്കി, തെറ്റ്‌ അയല്‍ക്കാരന്റെ ഭാഗത്താണ്‌, അയാള്‍ അതു പറയാന്‍ പാടില്ലായിരുന്നു. പാവം ദുഷ്ടന്‍.

കുറുമ്മന്‍ :) മോത്തി, നമ്മുടെ പിതൃത്വ സംശയം ഉള്ളവന്‍ തന്നെ??

അജിത്ത്‌..:) എഴുതൂ അതെല്ലാം.

ആനക്കൂടന്‍ said...

വായിച്ചു. പലതും ഓര്‍മ്മിച്ചു. ഓര്‍മ്മക്കുറിപ്പുകള്‍ ഇനിയും പോരട്ടെ.

sami said...

ബിന്ധുച്ചേചി,
നല്ല വിവരണം....
സെമി

ബിന്ദു said...

ആനക്കൂടാ.. :) സന്തോഷം. ഓര്‍മകളേ ഉള്ളു കയ്യില്‍.

സെമീ.. :)വളരെ നന്ദി.

Anonymous said...

"ഒന്ന്‌ പണിക്കരു സാര്‍ നടത്തുന്ന സ്റ്റഡിസെന്ററും പിന്നൊന്ന്‌ നാട്ടിലെ അഭ്യസ്തവിദ്യരായ, എന്നാല്‍ തൊഴില്‍ ലഭിച്ചിട്ടില്ലാത്ത ഒരു കൂട്ടം ചെറുപ്പക്കാര്‍ നടത്തുന്ന സരസ്വതിവിദ്യാകേന്ദ്രവും"

ഇതില്‍ ഒരു തെറ്റുണ്ട് ... പണിക്കര്‍ സാര്‍ നടത്തിയത് വിസ്ദം കോളേജ് ആണ് .. സ്റ്റഡി സെന്റര് നടത്തിയത് ശ്രീധരന്‍ സാര്‍ ആയിരുന്നു ..

- ഒരു മണക്കാട്കാരന്‍ ...